ബാഴ്സലോണ പരിശീലകൻ സാവി ക്ലബിൽ നിന്നും പുറത്ത് . സീസണിൽ ഒരു മത്സരം ശേഷിക്കെ ആണ് ക്ലബിന്റെ തീരുമാനം പുറത്ത് വന്നത് . രണ്ട് മാസം മുമ്പ് ക്ലബ് മാനേജുമെന്റുമായുള്ള ചർച്ചകൾക്ക് ഒടുവിൽ സാവി അടുത്ത സീസണും ക്ലബിനൊപ്പം ഉണ്ടാകും എന്ന് തീരുമാനത്തിലെത്തിയിരുന്നു. എന്നാൽ വീണ്ടും മാനേജ്മെന്റുമായി പ്രശ്നമായതിനാൽ സാവിയെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. ഹാൻസി ഫ്ലിക്ക് സാവിക്ക് പകരം ബാഴ്സയിൽ എത്തുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
സാവിയുടെ കീഴിൽ ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും മോശം പ്രകടനങ്ങൾ ആയിരുന്നു ബാഴ്സലോണ കാഴ്ചവെച്ചത്. ലാലിഗ പോയിന്റ് ടേബിളിൽ ഇപ്പോൾ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് 12 പോയിൻ്റു പിറകിലാണ് ബാഴ്സലോണയുടെ സ്ഥാനം. കഴിഞ്ഞ സീസണിൽ ബാഴ്സലോണയെ ലാലിഗ കിരീടത്തിൽ എത്തിക്കാൻ സാവിക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഈ സീസണിൽ പരിക്കുകളും സാമ്പത്തിക പ്രതിസന്ധിയും സാവിക്ക് കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതിൽ തടസ്സമായെന്നാണ് റിപ്പോർട്ട്.