ഇന്ത്യയിൽ നിന്ന് നാല് കടുവകളെ കംബോഡിയയിലേക്ക് അയയ്ക്കാൻ സർക്കാർ തീരുമാനം. ഈ വർഷം അവസാനം നാല് കടുവകളെ കംബോഡിയയിലേക്ക് അയക്കുമെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കാത്തിരിക്കുകയാണെന്നും പി ടി ഐ റിപ്പോർട്ട് ചെയ്തു . 2022ൽ ലോകത്തിലെ ആദ്യത്തെ അന്തർദേശീയ കടുവ പുനരുദ്ധാന പദ്ധതിക്കായി കംബോഡിയയുമായി കരാർ ഒപ്പിട്ടിരുന്നു. കംബോഡിയയിൽ നിന്നുള്ള ഉദ്യോഗസ്ഥർ, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി, കംബോഡിയയിലെ ഇന്ത്യൻ അംബാസഡർ ദേവയാനി ഖോബ്രഗഡെ എന്നിവർ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കുകയും നവംബർ-ഡിസംബർ മാസങ്ങളിൽ കംബോഡിയയിലേക്ക് നാല് കടുവകളെ അയക്കാനുള്ള നിർദ്ദേശം ചർച്ച ചെയ്യുകയും ചെയ്തു. നേരത്തെ ആഫ്രിക്കയിൽ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യ കൊണ്ടുവന്നിരുന്നു. കുനോ ദേശീയപാർക്കിലാണ് ചീറ്റകളെ പുനരധിവസിപ്പിച്ചത്.
വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (WWF) പ്രകാരം, 2016-ൽ കംബോഡിയയിലെ കടുവകൾക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചു. 2007-ൽ കിഴക്കൻ പ്രവിശ്യയായ മൊണ്ടുൽകിരിയിലെ ക്യാമറായിലാണ് കംബോഡിയയുടെ അവസാന കടുവയെ കണ്ടത് . 2017 സെപ്റ്റംബറിൽ, കംബോഡിയൻ സർക്കാർ കടുവകൾക്കളെ പുനരവതരിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ നഷ്ടം, മറ്റ് ഘടകങ്ങൾ എന്നിവ കാരണം കംബോഡിയയ്ക്ക് എല്ലാ കടുവകളെയും നഷ്ടപ്പെട്ടു. ഇതിന് ഉത്തരവാദികളായ എല്ലാ ഘടകങ്ങളും അഭിസംബോധന ചെയ്യപ്പെടുന്നുണ്ടെന്നും കടുവകളെ പുനരവതരിപ്പിക്കുന്നതിന് സാഹചര്യങ്ങൾ അനുകൂലമാണെന്നും ഇന്ത്യ ഉറപ്പാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കടുവയെ പുനരവതരിപ്പിക്കുന്ന പരിപാടിക്കായി ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിൻ്റെ (ഐയുസിഎൻ) എല്ലാ പ്രോട്ടോക്കോളുകളും ഇരു രാജ്യങ്ങളും പാലിക്കുമെന്നും ഉറപ്പ് നൽകി .
ഏറ്റവും പുതിയ സർക്കാർ കണക്കുകൾ പ്രകാരം 2022ൽ ഇന്ത്യയിലെ കടുവകളുടെ എണ്ണം 3,682 ആയിരുന്നു. ഇത് ആഗോള കാട്ടു കടുവകളുടെ 75 ശതമാനമാണ്.
കടുവ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി 1973 ഏപ്രിൽ 1 ന് ഇന്ത്യ പ്രോജക്ട് ടൈഗർ ആരംഭിച്ചു. തുടക്കത്തിൽ, 18,278 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഒൻപത് കടുവാ സങ്കേതങ്ങൾ പദ്ധതിയുടെ ഭാഗമായി. നിലവിൽ, കടുവകളുടെ ആവാസവ്യവസ്ഥയുടെ 78,735 ച.കി.മീറ്ററിലധികം (രാജ്യത്തിൻ്റെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ ഏകദേശം 2.4 ശതമാനം) വ്യാപിച്ചുകിടക്കുന്ന 55 കടുവാ സങ്കേതങ്ങൾ ഇന്ത്യയിലുണ്ട്.