ഗാസയിലെ റഫാ മേഖലയില്‍ തുടരുന്ന സൈനിക ആക്രമണം ഉടന്‍ നിര്‍ത്തണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് വീണ്ടും തള്ളി ഇസ്രയേൽ. ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിലായിരുന്നു കോടതിയുടെ ഉത്തരവ്. ഇസ്രയേൽ വംശഹത്യ നടത്തുന്നു എന്ന ആരോപണം തെറ്റാണെന്നും തങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി നടത്തുന്ന ഇത്തരം നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും ഇസ്രയേൽ പ്രതികരിച്ചു.
ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ വക്താക്കൾക്ക് ഗാസയിലേക്ക് പ്രവേശനം അനുവദിക്കണം, ഉത്തരവില്‍ സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ച് ഒരു മാസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. യുദ്ധ മുനമ്പിൽ മാനുഷിക സഹായം എത്തിക്കാനായി റഫ അതിർത്തി തുറന്ന് നൽകണം എന്നിങ്ങനെയുള്ള ആവശ്യങ്ങളായിരുന്നു കോടതി ഉത്തരവിൽ മുന്നോട്ടുവച്ചത്. ദക്ഷിണാഫ്രിക്കയുടെ പരാതിയിന്മേലുള്ള വാദത്തിൽ പല തവണയായി അന്താരാഷ്ട്ര കോടതി ഇസ്രയേലിനെതിരെ ഉത്തരവിറക്കുന്നു, എന്നാൽ, ‘ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതും പ്രതിഷേധാത്മകവുമാണ് അന്താരാഷ്ട്ര കോടതിയുടെ നീക്കമെന്നാണ് ഇസ്രയേലിൻ്റെ വാദം.
അതേസമയം, ‘ഗാസയ്ക്കെതിരെയുള്ള ഇസ്രയേലിന്റെ തുടർന്നുള്ള ആക്രമണം ഉണ്ടാക്കിയ വിപത്ത് വിവരിക്കാന്‍ സാധിക്കുന്നതിലുമപ്പുറമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും അവസാനമായിട്ടുള്ള പ്രതികരണം. യുദ്ധം റഫായിലും കലുഷിതമായതോടെ ആളുകൾക്ക് കൂട്ടത്തോടെ പലായനം ചെയ്യേണ്ടി വന്നു. അതിർത്തി അടച്ചതോടെ മറ്റ് രാജ്യങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നുമുള്ള സഹായവും നിലച്ചു. റഫായിൽ കഴിഞ്ഞ മാസത്തിനിടെ പട്ടിണി മരണങ്ങളുടെ നിരക്കിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇന്നലെയാണ് റഫായിൽ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രയേലിനെതിരെ ഉത്തരവിടുന്നത്. ഈ വർഷം മൂന്നാമത്തെ തവണയാണ് ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ തടയാനായി കോടതി ഉത്തരവിടുന്നത്. ഉത്തരവ് നിയമപരമായി നിലനില്‍ക്കുമെങ്കിലും ഇത് നടപ്പാക്കുന്നതിന് ആവശ്യമായ സേന കോടതിക്കില്ലെന്നതാണ് പ്രധാന പ്രശ്നം.
മൂന്നാമത്തെ തവണയാണ് ഗാസയിലെ മരണങ്ങളും മാനുഷിക ദുരിതങ്ങളും നിയന്ത്രിക്കാനായി 15 അംഗ പാനല്‍ ഉത്തരവിറക്കുന്നത്. മാർച്ചിലെ ഉത്തരവ് ഗാസയില്‍ നിലനില്‍ക്കുന്ന സ്ഥിതിഗതികള്‍ പൂർണമായി വ്യക്തമാക്കിയിരുന്നില്ലെന്ന് ഉത്തരവ് വായിച്ചുകൊണ്ട് പാനൽ തലൻ നവാഫ് സലാം പറഞ്ഞിരുന്നു. അതേസമയം ഈ ഉത്തരവില്‍ പോരായ്മകള്‍ നികത്തിയിട്ടുണ്ടെന്നും നവാഫ് വ്യക്തമാക്കിയിരുന്നു. ഗാസയിലെ സാഹചര്യങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ദക്ഷിണാഫ്രിക്കയുടെ അഭിഭാഷകർ മാസങ്ങളായി ആവശ്യപ്പെടാൻ തുടങ്ങിയിട്ട്. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കുന്നതിനായി കഴിയുന്നതെല്ലാം ചെയ്യണമെന്ന് ജനുവരിയില്‍ കോടതി ഉത്തരവുണ്ടായിരുന്നു.എന്നാല്‍ വംശഹത്യ ആരോപണങ്ങൾ ഇസ്രയേല്‍ തള്ളുകയായിരുന്നു.