പോര്‍ട്ട് മോര്‍സ്ബി: വടക്കൻ പാപുവ ന്യൂ ഗിനിയയിലുണ്ടായ മണ്ണിടിച്ചലിൽ വൻ ദുരന്തം 300 ലധികം ആളുകളും, 1,100-ലധികം വീടുകളും മണ്ണിനടിയിൽ പെട്ടതായി റിപ്പോർട്ട്.എങ്ക പ്രവിശ്യയിലെ കാക്കളം ഗ്രാമത്തിലാണ് വൻ ദുരന്തമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. 1,182 വീടുകൾ മണ്ണിനടിയിലായതായി പാർലമെൻ്റ് അംഗം ഐമോസ് അകെമിനെ ഉദ്ധരിച്ച് പാപുവ ന്യൂ ഗിനിയ പോസ്റ്റ് കൊറിയർ റിപ്പോർട്ട് ചെയ്തു.മണ്ണിടിച്ചിൽ മൂലം വലിയ നാശ നഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
മുലിറ്റക മേഖലയിലെ ആറിലധികം ഗ്രാമങ്ങളെ ബാധിച്ചതായി ഓസ്ട്രേലിയയുടെ വിദേശകാര്യ, വ്യാപാര വകുപ്പ് സ്ഥിരീകരിച്ചതായും റിപ്പോട്ടുകൾ പുറത്തു വന്നിട്ടുണ്ട്. നാശനഷ്ടങ്ങളും ആളപായവും രക്ഷാപ്രവർത്തനവും വിലയിരുത്താൻ പോർട്ട് മോറെസ്ബിയിലെ ഓസ്ട്രേലിയയുടെ ഹൈക്കമ്മീഷൻ പിഎൻജി അധികൃതരുമായി ബന്ധപ്പെട്ടുവെന്നും ഡിഎഫ്എടി വ്യക്തമാക്കി.
മരണസംഖ്യ ഇനിയും വലിയ തോതിൽ ഉയരുമെന്നും തിരച്ചിലിൽ നാല് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ അറിയിച്ചിരുന്നു . മണ്ണിടിച്ചിലിനെത്തുടർന്ന് റോഡ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടത് രക്ഷാപ്രവർത്തനത്തെ ദോഷകരമായി ബാധിച്ചു. തുടർന്ന് എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളിൽ ഹെലികോപ്റ്ററുകൾ വഴിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.