Environment

കരയിലെ ഏറ്റവും വീര്യമേറിയ വിഷമുള്ള പാമ്പ് ; ഇൻലാൻഡ് തായ്പാനെ കുറിച്ച് അറിയാം

മനുഷ്യൻ ഏറെ ഭയക്കുന്ന ജീവികളില്‍ ഒന്നാണ് പാമ്പ്. ഇതിനോടകം ലോകത്താകമാനം 3000-ലധികം പാമ്പിനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അതില്‍ വിഷമുള്ളതും ഇല്ലാത്തതുമുണ്ട്. വിഷമുള്ള പാമ്പുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് മുന്നില്‍ തെളിഞ്ഞ് വരുന്ന ചില ചിത്രങ്ങളുണ്ട്. മൂർഖനും രാജവെമ്പാലയും ബ്ലാക്ക് മാമ്പയും അണലിയുമെല്ലാം ആ ചിത്രങ്ങളില്‍ ഉണ്ടാകും. എന്നാല്‍ എത്ര പേർക്ക് കൊടുംവിഷമുള്ള ഇൻലാൻഡ് തായ്പാൻ എന്ന പാമ്പിനെ അറിയാം!. കരയിലെ ഏറ്റവും വീര്യമേറിയ വിഷമുള്ള പാമ്പാണ് ഇൻലാൻഡ് തായ്പാൻ. മധ്യ-പൂർവ്വ ഓസ്ട്രേലിയയിലെ ചില പ്രദേശങ്ങളിലാണ് ഇൻലാൻഡ് തായ്പാൻ കാണപ്പെടുന്നത്.

അവിടങ്ങളിലെ ഗോത്ര വർഗക്കാർ ഇതിനെ ഡാൻഡാറബില്ല എന്ന് വിളിക്കുന്നു. 1972-ലാണ് ഈ പാമ്പിനെ ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് ഇവയെപ്പറ്റി പല പഠനങ്ങളും നടന്നു. വിഷത്തിന്റെ കാഠിന്യം കണക്കാക്കുവാൻ എലികളില്‍ പരീക്ഷണങ്ങള്‍ നടത്തി. ഇതിലൂടെയാണ് കരയിലെ കൊടിയ വിഷമുള്ള പാമ്പ് ഇൻലാൻഡ് തായ്പാനാണെന്ന് സ്ഥിരീകരിച്ചത്. കടല്‍പാമ്പുകളെക്കാള്‍ മാരകമാണ് ഇവയുടെ വിഷം.
ഈ പാമ്പുകള്‍ക്ക് ആക്രമണ സ്വഭാവം ഇല്ല. ഒറ്റപ്പെട്ട വരണ്ട പ്രദേശങ്ങളില്‍ വസിക്കുന്നതുകൊണ്ട് ഇവ മനുഷ്യരുമായി സമ്പർക്കം തീരെ പുലർത്തുന്നുമില്ല. അതിനാല്‍ തന്നെ മനുഷ്യർക്ക് ഏറ്റവും അപകടകരമായ പാമ്പുകളില്‍ ഇൻലാൻഡ് തായ്പാനെ പെടുത്തുന്നില്ല. പക്ഷെ, കടിയേറ്റാല്‍ മരണം ഉറപ്പാണ്.

മനുഷ്യന്റെ ഹൃദയത്തെ മാരകമായി ബാധിക്കുന്ന തരത്തിലുള്ള കൊടും വിഷമാണ് ഇവയ്‌ക്ക്. ഒറ്റ കടിയില്‍ പൂർണ്ണവളർച്ചയെത്തിയ നൂറ് മനുഷ്യരെ കൊല്ലാൻ പാകത്തിനുള്ള വിഷം ഇൻലാൻഡ് തായ്പാനുണ്ട്. ഒറ്റ കടിയോ വേഗത്തിലുള്ള നിരവധി കടികളോ ഈ പാമ്പില്‍ നിന്ന് ഉണ്ടായേക്കാം. തലവേദന, ഓക്കാനം, ഛർദ്ദി, വയറുവേദന, പക്ഷാഘാതം എന്നിവയാണ് വിഷബാധയുടെ ലക്ഷണങ്ങള്‍. കടിയേറ്റതായി സംശയം തോന്നിയാല്‍ ഉടൻ വൈദ്യസഹായം തേടണം. അല്ലാത്തപക്ഷം മരണം ഉറപ്പാണ്.