Trissur

മുങ്ങി താഴ്ന്ന കുട്ടി രക്ഷിക്കാൻ ശ്രമം, 14-കാരന്‍ തോട്ടിലെ ചെളിയില്‍ പൂണ്ട് മരിച്ചു

കളിക്കുന്നതിനിടെ തോട്ടിലെ വെള്ളത്തില്‍ മുങ്ങിയ കുട്ടിയെ രക്ഷിക്കാനിറങ്ങിയ പതിനാലുകാരന്‍ ചെളിയില്‍ പൂണ്ട് മരിച്ചു

കടങ്ങോട് : തോട്ടിലെ വെള്ളത്തില്‍ മുങ്ങിയ കുട്ടിയെ രക്ഷിക്കാനിറങ്ങിയ പതിനാലുകാരന്‍ ചെളിയില്‍ പൂണ്ട് മരിച്ചു. വെള്ളറക്കാട് കക്കാട്ടുപാറയില്‍ വ്യക്തിയുടെ തോട്ടില്‍ ശനിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. എടപ്പാള്‍ ചെമ്പകശ്ശേരി പുരുഷോത്തമന്റെയും അബിതയുടെയും മകന്‍ അക്ഷയ് ആണ് മരിച്ചത്.

അമ്മവീട്ടില്‍ വേനലവധിക്ക് എത്തിയതായിരുന്നു അക്ഷയ്. തോടിനു സമീപത്തെ പറമ്പില്‍ കളിക്കാന്‍ എത്തിയപ്പോൾ, അയല്‍പ്പക്കത്തെ വീട്ടിലെത്തിയ കുട്ടികള്‍ പാടവും പറമ്പും കാണാനെത്തി. ഇക്കൂട്ടത്തിലൊരു കുട്ടി തോട്ടിലിറങ്ങിയപ്പോള്‍ വെള്ളത്തില്‍ മുങ്ങി. നിലവിളി കേട്ട് ഓടിയെത്തിയ അക്ഷയ് വെള്ളത്തിലിറങ്ങി കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചു.

ബഹളം കേട്ട് എത്തിയ നാട്ടുകാരന്‍ ഹരിലാല്‍ ആദ്യം വീണ കുട്ടിയെയും രക്ഷിക്കാനിറങ്ങി തോട്ടിലെ വെള്ളത്തില്‍ കുടുങ്ങിയ മറ്റുള്ളവരെയും കരയ്‌ക്കെത്തിച്ചു. ഈ സമയം അക്ഷയ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. നീന്തലറിയാമായിരുന്നിട്ടും അക്ഷയ് വെള്ളത്തിനടിയിലെ ചെളിയില്‍പ്പെടുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ക്ക് ഏറെ പരിശ്രമിച്ചിട്ടും അക്ഷയ്യെ കണ്ടെത്താനായില്ല. കുന്നംകുളം അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. സ്‌കൂബ ഡൈവര്‍ സുരേഷ്‌കുമാര്‍ ഇരുപതോളം അടി താഴ്ചയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.

Latest News