അബുദാബി : പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയില്‍ ഒരു കഫെറ്റീരിയ അടച്ചുപൂട്ടി. അബുദാബി കാർഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി നടത്തിയ പരിശോധനയിൽ കഫ്റ്റീരിയയിലെ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് പ്രാണികളെ കണ്ടെത്തുകയായിരുന്നു.
തുടർന്നാണ് സ്ഥാപനം അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശിച്ചത്. പ്രശ്നം പരിഹരിക്കുകയും തുടർന്ന് ബന്ധപ്പെട്ടവരിൽ നിന്ന് ആവശ്യമായ നിർദേശങ്ങൾ പാലിക്കുകയും ചെയ്തശേഷം മാത്രമേ കഫേ തുറക്കാൻ അനുവദിക്കൂവെന്നും അധികൃതർ അറിയിച്ചു.
അതേസമയം അബുദാബിയില്‍ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പൂട്ടിച്ചു. നിയമം ലംഘിച്ച് ജീവനുള്ള കോഴിയെ വിറ്റതിനാണ് മുസഫയിലെ ഹൈ ക്വാളിറ്റി ഫുഡ് സ്റ്റഫ് ട്രേഡിങ്- വണ്‍ പേഴ്സണ്‍ കമ്പനി എല്‍എല്‍സി പൂട്ടിച്ചത്. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്നതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.
അബുദാബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് സൂപ്പര്‍മാര്‍ക്കറ്റ് പൂട്ടിച്ചത്. (പ്രിസര്‍വ്ഡ്) ഭക്ഷ്യ വസ്തുക്കള്‍ക്കൊപ്പം സ്റ്റോര്‍ റൂമില്‍ ജീവനുള്ള ഇറച്ചിക്കോഴികളെ വിറ്റതിനെ തുടര്‍ന്നാണ് സൂപ്പര്‍മാര്‍ക്കറ്റിനെതിരെ നടപടിയെടുത്തത്. നിയമലംഘനം പരിഹരിച്ച ശേഷം മാത്രമെ ഇനി സ്ഥാപനം തുറക്കാന്‍ അനുമതി നല്കുകയുള്ളൂവെന്ന് അതോറിറ്റി അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ 800 555 നമ്പറിൽ അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അഭ്യർഥിച്ചു.