Sports

ടി20 ലോകകപ്പ്; സഞ്ജുവിനൊപ്പം മറ്റൊരു മലയാളികൂടി ഇന്ത്യന്‍ സംഘത്തില്‍, ആരാണ് അയാള്‍?

അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഒപ്പം മറ്റൊരു മലയാളിക്കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. അത് വേറാരുമല്ല നമ്മുടെ സ്വന്തം കരുനാഗപ്പള്ളി സ്വദേശി സിബി ഗോപാലകൃഷ്ണന്‍ ആണ് ആ മലയാളി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലെയിസണ്‍ ഓഫീസറായി നിയമിതനായ സിബി ഗോപാലകൃഷ്ണന്‍ ഈ വരുന്ന ടി20 ലോകകപ്പില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. വെസ്റ്റ് ഇന്‍ഡീസ് യുഎസ്എ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്കായി നാളെയാണ് ഇന്ത്യന്‍ ടീം ന്യുയോര്‍ക്കില്‍ എത്തുന്നത്. ടീം മാനെജര്‍ക്കൊപ്പം പൂര്‍ണ്ണസമയ പ്രവര്‍ത്തനമാണ് ടീം സിബിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിലെ സെന്റ്‌ലൂസിയയില്‍ സ്ഥിരതാമസമാക്കിയ സിബി ഗോപാലകൃഷ്ണന്‍, നിലവില്‍ സെന്റ് ലൂസിയ നാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്‍ അസിസ്റ്റന്റ ട്രഷറര്‍ ആണ്.

സിബി ഗോപാലകൃഷ്ണൻ മുന്‍പ് ബംഗ്ലാദേശ് ടീമിന് ഒപ്പവും ബംഗ്ലാദേശ് എ ടീമിനോപ്പവും ചേർന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രിക്കറ്റ് മാനേജ്മെന്റിലെ തന്റെ വിപുലമായ അനുഭവമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് ടീമിലേക്ക് നിയമിതനായത്. പക്ഷേ ഇതൊന്നുമല്ല സിബി എന്ന മാനെജ്മെന്റെ വിദഗ്ദന്റെ കഴിവുകളും പരിചയ സമ്പത്തും. രണ്ട് തവണ ടി20 ലോകകപ്പ് ചാമ്പ്യനായ ഡാരന്‍ സമിയുമായുള്ള യാദൃശ്ചികമായ സൗഹൃദത്തിലൂടെയാണ് ക്രിക്കറ്റ് മാനേജ്മെന്റിലെ അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചത്, ഇത് അദ്ദേഹത്തിന് ക്രിക്കറ്റ് ലോകത്ത് നിരവധി അവസരങ്ങളിലേക്ക് വാതിലുകള്‍ തുറന്നു.

കരീബിയന്‍ സന്ദര്‍ശനത്തിനിടെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെയും അവരുടെ എ ടീമിന്റെയും ലെയ്‌സണ്‍ ഓഫീസറായാണ് സിബി ഗോപാലകൃഷ്ണന്‍ ആദ്യമായി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. അദ്ദേഹത്തിന്റെ സംഘടനാപരമായ കഴിവുകളും ഗെയിമിനെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും സെന്റ് ലൂസിയയിലെ നിരവധി ടീമുകളുടെ ടീം മാനേജരായി പ്രവര്‍ത്തിക്കാന്‍ സഹായിച്ചു. വര്‍ഷങ്ങളായി, കരീബിയന്‍ ക്രിക്കറ്റിലെ വിവിധ തലങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്, ഉഭയകക്ഷി ടൂര്‍ണമെന്റുകള്‍, ലോകകപ്പ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് (സിപിഎല്‍) എന്നിവയില്‍ സിബി തന്റെ സംഭാവനകള്‍ നല്‍കി.

ടീം മാനേജ്മെന്റിലെ തന്റെ റോളുകള്‍ക്ക് പുറമേ, ക്രിക്കറ്റിന്റെ ഭരണപരമായ വശത്തും ഗോപാലകൃഷ്ണന്‍ ഒരു പ്രധാന വ്യക്തിയാണ്. സെന്റ് ലൂസിയ നാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്റെ മാര്‍ക്കറ്റിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം, അവിടെ അദ്ദേഹത്തിന്റെ തന്ത്രപരമായ ഇടപെടലുകള്‍ സ്ട്രറ്റജിയും ദ്വീപിലെ കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും സഹായിച്ചു. നിലവില്‍, സെന്റ് ലൂസിയയില്‍ ക്രിക്കറ്റിന്റെ സാമ്പത്തിക ആരോഗ്യവും സുസ്ഥിരതയും ഉറപ്പാക്കുന്ന അദ്ദേഹം അസോസിയേഷന്റെ അസിസ്റ്റന്റ് ട്രഷററായി പ്രവര്‍ത്തിക്കുന്നു.

സെന്റ് ലൂസിയ പ്രീമിയര്‍ ലീഗിലെ പ്രമുഖ ടീമായ അവതാര്‍ സിറ്റി ബ്ലാസ്റ്റേഴ്‌സിന്റെ സിഇഒ കൂടിയാണ് ഗോപാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലും ഡാരന്‍ സമ്മിയുടെ ക്യാപ്റ്റന്‍സിയിലും ടീം അഞ്ച് ചാമ്പ്യന്‍ഷിപ്പുകളില്‍ മൂന്ന് കപ്പുകള്‍ നേടി ശ്രദ്ധേയമായ വിജയം കൈവരിച്ചു.

സിബി ഗോപാലകൃഷ്ണന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ക്കപ്പുറം സെന്റ് ലൂസിയയിലെ ഒരു പ്രാദേശിക നേതാവ് കൂടിയാണ്. പൊതുസേവനത്തോടും നീതിയോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ അടിവരയിടിക്കൊണ്ട് സെന്റ് ലൂസിയയുടെ ഗവര്‍ണര്‍ ജനറല്‍, സെന്റ് ലൂസിയ സ്റ്റേറ്റ് ഓഫ് പീസ് ജസ്റ്റിസ് ആയി നിയമിക്കപ്പെട്ട ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള ആദ്യ വ്യക്തിയാണ് അദ്ദേഹം.

സെന്റ് ലൂസിയ ക്രിക്കറ്റ് ടീം

കൂടാതെ, സെന്റ് ലൂസിയ മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ കൗണ്‍സിലിലെ സര്‍ക്കാര്‍ നിയമിച്ച അംഗമായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു, അവിടെ അദ്ദേഹം സംസ്ഥാനത്തെ മെഡിക്കല്‍ പ്രാക്ടീസിന്റെ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നിരീക്ഷിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ഫെയ്‌സ്ബുക്ക് ക്രിക്കറ്റ് പേജായ മലയാളി ക്രിക്കറ്റ് സോണ്‍ അഡ്മിനുമാണ് ഈ കരുനാഗപ്പള്ളിക്കാരൻ.

ആഗോള കേരളീയ സമൂഹത്തോടുള്ള  സമര്‍പ്പണത്തിന്റ് ഭാഗമായി അദ്ദേഹത്തിന്റെ ഇടപെടല്‍ ലോക കേരള സഭയിലേക്കും വ്യാപിച്ചു. ക്രിക്കറ്റ് മാനേജ്മെന്റ്, കമ്മ്യൂണിറ്റി സര്‍വീസ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ എന്നിവയിലെ വൈവിധ്യമാര്‍ന്ന റോളുകളും നേട്ടങ്ങളും സിബി ഗോപാലകൃഷ്ണനെ കായികരംഗത്തിനു പുറമെ സാമൂഹിക രംഗത്തും ഭരണതലത്തിലും ഒരു വേറിട്ട വ്യക്തിയാണ്.