Sports

അഭിഷേക് ശർമ്മ തന്നെക്കാൾ മികച്ച ബൗളറാകും; യുവരാജ് സിംഗ്

അഭിഷേക് ശർമ്മയുടെ ബൗളിംഗിനെ അഭിനന്ദിച്ച് യുവരാജ് സിംഗ്. തന്നെക്കാൾ മികച്ച ബൗളർ ആകാൻ അഭിഷേകിന് കഴിയുമെന്ന് യുവരാജ് പറഞ്ഞിരുന്നു. ഹൈദരബാദിനായി ക്വാളിഫയറിൽ അഭിഷേക് ശർമ്മ മനോഹരമായി ബൗൾ ചെയ്തിരുന്നതാണ് പ്രശംസയ്ക്ക് കാരണമായത്.

ബൗളിംഗിൽ യുവരാജ് തനിക്ക് ഒരുപാട് പ്രോത്സാഹനം തന്നിട്ടുണ്ട് എന്ന് അഭിഷേകും ഫൈനലിനു മുന്നോടിയായി പറഞ്ഞിരുന്നു. യുവരാജിനെക്കാൾ നല്ല ബൗളർ ആകാനുള്ള ഭാവി തനിക്ക് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും അഭിഷേക് വ്യക്തമാക്കി. തൻ്റെ പ്രകടനത്തിൽ യുവരാജ് സന്തോഷിക്കുന്നുണ്ടാകും എന്നും അഭിഷേക് പറഞ്ഞു.

“യുവരാജ് സിംഗുമായി ബൗളിംഗിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, തനിക്ക് അദ്ദേഹത്തെക്കാൾ മികച്ച ബൗളറാകാൻ കഴിയുമെന്ന് അ ദ്ദേഹം പറഞ്ഞിട്ടുണ്ട് . എൻ്റെ മനസ്സിൽ എപ്പോഴും അത് ഉണ്ടായിരുന്നു, എൻ്റെ ബൗളിംഗുമായി ഞാൻ ടീമിന് നല്ല സംഭാവന ചെയ്തതിൽ അദ്ദേഹവും സന്തോഷിക്കുമെന്ന് ഞാൻ കരുതുന്നു.” അഭിഷേക് പറഞ്ഞു. ബൗളിംഗിൽ താൻ ഒരുപാട് കഠിനാധ്വാനം നടത്തുന്നുണ്ടെന്നും അതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നതെന്നും അഭിഷേക് പ്രതികരിച്ചു.