Kuwait

കുവൈത്തിൽ സിവിൽ ഐ.ഡി കാർഡുകളിലെ മേൽവിലാസം മാറിയവർ ഒരു മാസത്തിനുള്ളിൽ അപ്ഡേറ്റ് ചെയ്യണം

സിവിൽ ഐ.ഡി കാർഡുകളിലെ അഡ്രസ്സ് പരിശോധിക്കാൻ സ്വദേശികൾക്കും പ്രവാസികൾക്കും നിർദ്ദേശം നൽകി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. മേൽവിലാസം മാറിയവർ തങ്ങളുടെ അഡ്രസ്സ് ഒരു മാസത്തിനുള്ളിൽ അപ്ഡേറ്റ് ചെയ്യണമെന്ന് പബ്ലിക് അതോറിറ്റി അറിയിച്ചു.

കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നും കെട്ടിട ഉടമകൾ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തത് അനുസരിച്ച് 5500 പേരുടെ സിവിൽ ഐഡി കാർഡുകളിൽ നിന്ന് അഡ്രസ്സുകൾ നീക്കം ചെയ്തതായി പാസി അധികൃതർ അറിയിച്ചു. താമസം മാറിയവർ തങ്ങളുടെ പുതിയ വിലാസങ്ങൾ മെയ് 26 ഞായറാഴ്ച മുതൽ 30 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന് പാസി ഡയറക്ടർ ജനറൽ മൻസൂർ അൽ-മുസ പറഞ്ഞു.

ഈ കാലയളവിൽ മേൽവിലാസം അപ്ഡേഷൻ ചെയ്യുന്നതിൽ പരാജയപ്പെടുന്നവർക്ക് 100 ദിനാർ പിഴയും നിയമ നടപടികളും നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.അഡ്രസ്സ് നീക്കം ചെയ്തവർക്ക് പാസിയിൽ നിന്നും എസ്.എം.എസ് നോട്ടിഫിക്കേഷൻ ലഭിക്കും. തുടർന്ന് 30 ദിവസത്തിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ, കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷനിൽ നിന്ന് സിവിൽ കാർഡ് സസ്‌പെൻഡ് ചെയ്യുകയും റദ്ദാക്കുകയും ചെയ്യുമെന്ന് പാസി അധികൃതർ അറിയിച്ചു. വാടക കരാർ, വാടക രസീത്, സിവിൽ ഐ.ഡി കോപ്പി എന്നീ രേഖകളുമായി പാസി ഹെഡ് ഓഫീസിലോ, ബ്രാഞ്ചുകളിൽ നിന്നോ കാർഡ് ഡാറ്റ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. നേരിട്ട് സന്ദർശിക്കാതെ സർക്കാർ ഏകീകൃത ആപ്പായ സഹൽ വഴിയും നടപടിക്രമങ്ങൾ പൂർത്തീകരിക്കാം.