നായികമാരുടെ സുവർണ കാലഘട്ടമായാണ് ഈ കാലഘട്ടം സിനിമാ ലോകത്ത് അറിയപ്പെടുന്നത്. മികച്ച കഥാപാത്രങ്ങൾ, ബോക്സ് ഓഫീസ് മൂല്യം തുടങ്ങിയവ ഇന്ന് മുമ്പത്തേക്കാൾ കൂടുതൽ നായികമാർക്ക് ലഭിക്കുന്നു. പ്രതിഫലക്കാര്യത്തിലും മുമ്പത്തേക്കാൾ മാറ്റം ഇന്നുണ്ട്. നയൻതാര, ദീപിക പദുകോൺ, ആലിയ ഭട്ട് തുടങ്ങിയ നടിമാർക്ക് പലപ്പോഴും നടൻമാരേക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കുന്നു. അതേസമയം ഈ മാറ്റങ്ങൾ പതുക്കെയാണെന്ന അഭിപ്രായവുമുണ്ട്.
നടി നടൻമാർ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് മണിക്കൂറുകളോളമുള്ള ഷൂട്ടിംഗിലാണ്. മലയാളത്തിലാണ് ഈ പ്രവണത കൂടുതൽ. ആർത്തവ സമയത്ത് ഏറെനേരമുള്ള ഷൂട്ടിംഗുണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് പ്രമുഖ നടിമാർ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇവരുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. സിനിമകളിലെ ഡാൻസ് രംഗങ്ങളിൽ പ്രത്യേക മികവ് പുലർത്തുന്ന നടിയാണ് സായ് പല്ലവി. ആർത്തവ വേദന അനുഭവിക്കുന്ന സമയത്തും നടി ഗാനരംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ശ്യാം സിംഗ റോയ് എന്ന സിനിമയിൽ ഡാൻസ് ചെയ്തതിനെക്കുറിച്ച് നേരത്തെ താരം തുറന്ന് സംസാരിക്കുകയുമുണ്ടായി. പിരീഡ്സ് സമയത്ത് ഡാൻസ് ചെയ്യുന്നത് വളരെ അൺകംഫർട്ടബിളാണ്. നിരവധി സിനിമകളിൽ പിരീഡ്സുള്ള സമയത്ത് ഞാൻ ഡാൻസ് ചെയ്തിട്ടുണ്ട്. നെഗറ്റീവായ സാഹചര്യങ്ങൾ ഒഴിവാക്കി നമ്മൾ മുന്നോട്ട് പോകേണ്ടതുണ്ടെന്നും സായ് പല്ലവി അന്ന് വ്യക്തമാക്കി. ശ്യാം സിംഗ റോയിയിലെ സായ് പല്ലവിയുടെ ക്ലാസിക്കൽ ഡാൻസ് വൻ ജനപ്രീതിയാണ് നേടിയത്.
ആർത്തവ സമയത്ത് ഡാൻസ് ചെയ്തതിനെക്കുറിച്ച് നടി ശ്രുതി ഹാസനും നേരത്തെ സംസാരിച്ചിട്ടുണ്ട്. ഈ സമയങ്ങളിൽ നന്നായി പെർഫോം ചെയ്യാൻ പറ്റില്ല. ഒരിടത്തിരുന്ന് ചൂടുള്ള എന്തെങ്കിലും കഴിക്കാനാണ് തോന്നുക. പക്ഷെ അതെപ്പോഴും നടക്കണമെന്നില്ല. പിരീഡ്സ് സമയത്ത് ഡാൻസ് ചെയ്യാനും ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കാനും ബുദ്ധിമുട്ടായിരിക്കുമെന്ന് ശ്രുതി ഹാസൻ ചൂണ്ടിക്കാട്ടി. ആർത്തവ വേദനയുള്ളപ്പോൾ താൻ വർക്ക് ചെയ്യാറില്ലെന്നാണ് നടി രാധിക അപ്തേ നേരത്തെ പറഞ്ഞത്. ആർത്തവം ഒരു പ്രശ്നമായി ഞാൻ കാണുന്നില്ല. എനിക്ക് ബഹുമാനം തോന്നുന്നു. ആ സമയത്ത് ഞാൻ ഷൂട്ട് ചെയ്യില്ല. ഇതിലൂടെ എനിക്ക് മറ്റുള്ളവർക്ക് പ്രചോദനമാകാൻ കഴിയും. ആർത്തവത്തെക്കുറിച്ച് സംസാരിക്കാൻ നമ്മൾക്ക് നാണക്കേട് തോന്നേണ്ടതില്ലെന്നും രാധിക ആപ്തെ വ്യക്തമാക്കി.
നടി ഹിന ഖാനും ആർത്തവ ദിനങ്ങളിലെ ഷൂട്ടിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ആർത്തവമുള്ള ആദ്യത്തെ രണ്ട് ദിവസങ്ങളിൽ ഷൂട്ടിംഗിൽ ചില ഇളവുകൾ വരുത്തിയാൽ നന്നാകുമെന്ന് ഹിന ഖാൻ വ്യക്തമാക്കി. മൂഡ് സ്വിംഗുകൾ, ഡിഹൈഡ്രേഷൻ, ബിപി കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. ഈ ദിവസങ്ങളിൽ ഷൂട്ടിംഗിൽ നിന്ന് മാറി നിൽക്കാൻ പറ്റുന്നത് സഹായകരമാണെന്നും ഹിന ഖാൻ പറഞ്ഞു. ബോളിവുഡിലെ മറ്റ് ചില നടിമാരും ആർത്തവ സമയത്തെ ഷൂട്ടിംഗിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അധിക സമയം ഷൂട്ടിംഗ് ചെയ്യേണ്ടി വരുന്നത്, അടിസ്ഥാന ആവശ്യങ്ങൾ ലഭിക്കാത്തത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും നടിമാർ സംസാരിച്ചിട്ടുണ്ട്. മലയാളത്തിൽ ഡബ്ല്യുസിസി സംഘടനയുൾപ്പെടെ ഇക്കാര്യം ചൂണ്ടിക്കാട്ടാറുണ്ട്.