ഡബ്ലിൻ: ആകാശച്ചുഴിയിൽപ്പെട്ട് ആടിയുലഞ്ഞ് ഖത്തർ എയർവേയ്‌സ് വിമാനം. ആറ് ജീവനക്കാരുള്‍പ്പെടെ12 പേർക്ക് പരിക്കേറ്റു. ഖത്തറിലെ ദോഹയിൽ നിന്ന് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനിലേക്ക് പുറപ്പെട്ട ഖത്തർ എയർവേയ്‌സ് QR017 എന്നു പേരുള്ള ബോയിങ്ങ് 787 വിമാനമാണ് ചുഴിയിൽപ്പട്ടത്.
തുർക്കിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടതെന്നും ആറ് യാത്രക്കാർക്കും ആറ് ക്രൂ അംഗങ്ങൾക്കും പരിക്കേറ്റതായും ഡബ്ലിൻ എയർപോർട്ട് ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ കുറിച്ചു. തുടർന്ന് വിമാനം അടിയന്തരമായി ഡബ്ലിൻ എയർപോർട്ടിൽ എമർജൻസി ലാൻഡ് ചെയ്തു.
വിമാനം സുരക്ഷിതമായി ഷെഡ്യൂൾ ചെയ്ത പ്രകാരം തന്നെ ലാൻഡ് ചെയ്തതായി വിമാനത്താവള അധികൃതർ ഞായറാഴ്ച അറിയിച്ചു. വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് തന്നെ എയർ പോർട്ട് പൊലീസും അഗ്നിരക്ഷാ സേനയും സജ്ജരായിരുന്നു.
ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് വിമാനം കടുത്ത വായു പ്രക്ഷുബ്ധതയെ തുടർന്ന് ബാങ്കോക്കിൽ ഇറക്കിയതിന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ പുതിയ സംഭവം റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട ബോയിങ് 777-300 ഇ.ആർ. വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. അപകടത്തിൽ 73 കാരൻ മരണപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.