ഗസ്സ: പശ്ചിമ റഫയിൽ അഭയാർഥികൾ താമസിക്കുന്ന മേഖലയിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സുരക്ഷിത മേഖലയെന്ന് ഇസ്രായേൽ നേരത്തെ അവകാശപ്പെട്ടിരുന്ന കേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടത്തിയത്. താൽ-അസ് സുൽത്താൻ മേഖലയിൽ നടത്തിയ ആക്രമണത്തെ തുടർന്ന് വൻ തീപ്പിടിത്തമുണ്ടായി.
Ne détournez pas le regard, retweeter, liker tout ce qui ce passe à Rafah c’est un GÉNOCIDE, déplacer des humains dans un endroit et les tuer c’est UN GÉNOCIDE ne laissez plus les autres donner un autre nom à ce qui se passe pic.twitter.com/vsJZ9dtRXs
— syl🦦 (@syylllia) May 26, 2024
കൊല്ലപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ഹസ്സ ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു. ഗസ്സയിലെ മറ്റിടങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിന്ന് രക്ഷ തേടിയെത്തിയവരാണ് റഫയിൽ ടെന്റുകളിൽ താമസിച്ചിരുന്നത്. ഇവർക്ക് നേരെയാണ് വ്യോമാക്രമണം നടത്തിയത്. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റെഡ് ക്രോസ് അറിയിച്ചു.
റഫ ആക്രമണക്കെ കൂട്ടക്കുരുതിയെന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. ഇസ്രായേലിന് ആയുധവും പണവും നൽകുന്ന യു.എസും ഈ കൂട്ടക്കുരുതിക്ക് ഉത്തരവാദികളാണെന്ന് ഹമാസ് നേതാവ് സാമി അബു സുഹാരി പറഞ്ഞു.
അതേസമയം, ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി തങ്ങൾ നടത്തിയ ആക്രമണമാണിതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയതാണ് ആക്രമണം. ആക്രമണത്തെ തുടർന്നുള്ള തീപ്പിടിത്തത്തെ കുറിച്ച് അവലോകനം ചെയ്യുകയാണെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.
ടെന്റുകൾ കത്തിയെരിഞ്ഞതോടെ ഇവക്കുള്ളിലുണ്ടായിരുന്ന നിരവധി പേർ ജീവനോടെ ചുട്ടെരിക്കപ്പെട്ടു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ആശുപത്രി അധികൃതർ സൂചിപ്പിക്കുന്നത്. ഗസ്സയിലെ വിവിധയിടങ്ങളിൽ ഇസ്രായേൽ സൈന്യം ആക്രമണം വ്യാപകമാക്കിയിരിക്കുകയാണ്. റഫക്ക് പുറമേ ജബലിയ, നുസൈറത്ത് അഭയാർഥി പ്രദേശങ്ങളിലും ഗസ്സ സിറ്റിയിലും ആക്രമണം നടത്തി. 24 മണിക്കൂറിനിടെ 160ലേറെ പേർ ഗസ്സയിൽ കൊല്ലപ്പെട്ടിട്ടുണ്ട്.