മഴക്കാലത്ത് ഏറ്റവും കൂടുതൽ പ്രശ്‌നമായി മാറുന്നത് തുണികൾ കഴുകുവാനും ഉണക്കുവാനുമാണ്. വെയിലുണ്ടായിരുന്നപ്പോൾ വളരെ പെട്ടന്ന് ഉണങ്ങി കിട്ടിയിരുന്ന തുണികൾ മഴക്കാലമായാൽ 3 ദിവസമെങ്കിലുമാകും പൂർണ്ണമായി ഉണങ്ങി കിട്ടുവാൻ. ഉണങ്ങിയാലും ചെറിയ തണുപ്പും ദുർഗന്ധവും ഉണ്ടാകും.
നനഞ്ഞ അന്തരീക്ഷവും തണുത്ത വസ്ത്രങ്ങളും മഴക്കാലത്ത് പല രോഗങ്ങൾക്കും കാരണമാകാം. ഈർപ്പത്തിന്റെ മണം പോകാനും കരിമ്പനടിച്ച് തുണികൾ കേടാകുന്നത് ഒഴിവാക്കാനും കർപ്പൂരവും പാറ്റ ഗുളികയുമല്ലാതെ വേറെയും വഴികളുണ്ട്.
എന്തൊക്കെ ശ്രദ്ധിക്കാം?
മഴക്കാലത്ത് തുണികളിൽ എപ്പോഴും ഈർപ്പത്തിന്റെ സാന്നിധ്യമുണ്ടായിരിക്കും. മഴക്കാലത്ത് തുണികള്‍ ഇസ്തിരിയിട്ട ശേഷം മാത്രം കബോർഡുകളിൽ അടുക്കിവയ്ക്കാം.
തുണികളിലെ ഈർപ്പം മാറ്റാൻ സിലിക്ക ജെല്ലിനെ ആശ്രയിക്കാം. സിലിക്ക ജെൽ തുണിയിൽ പൊതിഞ്ഞ് കബോർഡിലിട്ടാൽ തുണികള്‍ കരിമ്പനടിക്കാതെയിരിക്കും.
കബോർഡുകൾ ഈർപ്പരഹിതമാക്കി സൂക്ഷിക്കാം. കബോർഡിനുള്ളിൽ ചെറിയ ലൈറ്റ് ഇടുന്നതും ഹെയർഡ്രയർ ഉപയോഗിച്ച് ഉണക്കുന്നതുമെല്ലാം ഇതിനു സഹായിക്കും.
ഈർപ്പമടിച്ചാൽ സിലിക്ക ജെല്ലിന്റെ നിറം വ്യത്യാസപ്പെടും. ഇതു കളയുന്നതിനു പകരം രണ്ട് മിനിറ്റ് മൈക്രോവേവ് ചെയ്യുക. നിറമില്ലാതാകുന്ന സിലിക്ക ജെൽ പുനരുപയോഗിക്കാം.
മഴ പെയ്യുമ്പോൾ ഒരു പരിധി വരെ ഉണങ്ങി കിട്ടിയ തുണികൾ എടുത്തു അകത്തേക്കിടുക
പകുതി ഉണങ്ങിയ തുണികൾ ഫാനിന്റെ സഹായത്തോടെ ഉണക്കുക
വീട്ടിൽ ഡി ഹ്യുമിഡിഫയർ ഉണ്ടാകുന്നതാണ് നല്ലതാണു. ഇത് മുറിക്കുള്ളിലെ ഹ്യുമിഡിറ്റി കുറയ്ക്കുവാൻ സഹായിക്കും. ഇത് തുണി ഉണങ്ങുവാൻ സഹായിക്കും.