ജർമ്മൻ പരിശീലകനായ ഹാൻസി ഫ്ലിക്ക് ബാഴ്സലോണയുടെ അടുത്ത പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. ഫ്ലിക്കും ബാഴ്സലോണയും കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ഫ്ലിക്ക് ബാഴ്സലോണയിൽ ഒപ്പുവെക്കുക രണ്ടു വർഷത്തെ കരാർ ആയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ബാഴ്സലോണയുടെ പരിശീലകനായിരുന്ന സാവിയെ ക്ലബ് കഴിഞ്ഞ ആഴ്ച പുറത്താക്കിയിരുന്നു. മാനേജ്മെന്റുമായുള്ള നിരന്തരമായ പ്രശ്‍നങ്ങളെ തുടർന്നായിരുന്നു സാവിയുടെ പുറത്താക്കൽ. ടീമിൻ്റെ തുടരെയുള്ള തോൽവിയും മറ്റൊരു കാരണമായി. ടീം നേരിട്ടിരുന്ന സാമ്പത്തിക പ്രശ്നങ്ങൾ സാവിയെ അലട്ടിയിരുന്നു. ഇത് സംബന്ധിച്ചുണ്ടായ തർക്കങ്ങളാണ് സാവിയുടെ പുറത്താക്കലിൻ്റെ പ്രധാന കാരണവും.
ഈ സീസൺ അവസാനിച്ച സ്ഥിതിക്ക് ബാഴ്സലോണ പെട്ടെന്ന് തന്നെ ഫ്ലിക്കിനെ പരിശീലകനാക്കാനുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയേക്കും. ഫ്ലിക്കിനെ പരിശീലകനാക്കിയുള്ള ഔദ്യോഗി പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
ജർമ്മൻ ദേശീയ ടീം പരിശീലകൻ ആയാണ് ഫ്ലിക്ക് അവസാനമായി പ്രവർത്തിച്ചത്. അവിടെ അത്ര പറയത്തക്ക നേട്ടങ്ങളും നല്ല ഓർമ്മകളും ഫ്ലിക്കിന് ഇല്ല എന്നതാണ് ഇതിലെ ഞെട്ടിക്കുന്ന മറ്റൊരു കാര്യം. ബയേണിൽ ആയിരുന്നു ഫ്ലിക്കിന് നല്ല പ്രകടനം നടത്താൻ കഴിഞ്ഞിരുന്നത്. അത് ആവർത്തിക്കുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ.
ബയേണ് ട്രെബിൾ കിരീടം ഉൾപ്പെടെ ഏഴു കിരീടങ്ങൾ നേടിക്കൊടുക്കാൻ ഒന്നര വർഷത്തെ കാലയളവിൽ ഫ്ലിക്കിന് കഴിഞ്ഞിരുന്നു. ഇത് ഫ്ലിക്കിൻ്റെ ടീമിലേക്കുള്ള വരവിൽ പ്രതീക്ഷ കൂട്ടുന്നുണ്ട് . എന്നാൽ ആ മാജിക്ക് ദേശീയ ടീമിനൊപ്പം ആവർത്തിക്കാൻ ഫ്ലിക്കിന് കഴിഞ്ഞിരുന്നില്ല. ഈ ഒരൊറ്റ കാരണത്തിൽ ഫ്ലിക്കിൻ്റെ ടീമിലേക്കുള്ള വരവ് ഇപ്പോഴും സംശയത്തിൻ്റെ നിഴലിലാണ്.