അങ്കമാലി: അങ്കമാലിയിൽ ഗുണ്ടാനേതാവ് നടത്തിയ വിരുന്നിൽ ഡിവൈഎസ്പിയും പൊലീസുകാരും പങ്കെടുത്ത സംഭവം സ്ഥിരീകരിച്ച് എറണാകുളം റൂറൽ എസ്പി. വീട്ടിലുണ്ടായിരുന്നത് ഡിവൈഎസ്പിയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം നടപടിയെടുക്കും. റിപ്പോർട്ട് നൽകിയെന്ന് എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന അറിയിച്ചു.
ആലപ്പുഴയിലെ ഡിവൈഎസ്പി എംജി സാബുവും പൊലീസുകാരുമാണ് വിരുന്നിൽ പങ്കെടുത്തത്. പരിശോധനയ്ക്കായി എസ്ഐയും സംഘവും എത്തിയതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിക്കുകയായിരുന്നു. ഗുണ്ടാനേതാവ് തമ്മനം ഫൈസലാണ് സ്വന്തം വീട്ടിൽ വിരുന്നൊരുക്കിയത്.
അതേസമയം, ഗുണ്ടാവിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പിക്കെതിരെ നടപടിയില്ല. സസ്പെൻഷൻ പൊലീസ് ഉദ്യോഗസ്ഥർക്ക്. ഒരു സി.പി.ഒക്കും മറ്റൊരു പൊലീസ് ഡ്രൈവർക്കുമാണ് സസ്പെൻഷൻ. ആലപ്പുഴ ജില്ല പൊലീസ് മേധാവിയാണ് നടപടിയെടുത്തത്.
ഡിവൈഎസ്പി എം ജി സാബു സർവീസിൽ നിന്ന് വിരമിക്കാൻ മൂന്ന് ദിവസമാണ് ബാക്കിയുള്ളത്. ഈ മാസം 31 നാണ് ഡിവൈഎസ്പി സാബു സർവീസിൽ നിന്ന് വിരമിക്കാനിരുന്നത്. ഡിവൈഎസ്പിക്ക് നൽകാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. പരിപാടിക്കായി തയ്യാറാക്കിയിരുന്ന പന്തലും ഡിവൈഎസ്പി ഓഫീസിന് മുന്നിൽ നിന്ന് അഴിച്ചു മാറ്റി.
സംസ്ഥാനത്ത് ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷനുമായി മുന്നോട്ടു പോകുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥനടക്കമുള്ള പൊലീസുകാർ തമ്മനം ഫൈസൽ എന്ന ഗുണ്ടാ നേതാവ് സംഘടിപ്പിച്ച വിരുന്നിൽ അതിഥിയായി എത്തിയത്. സ്ഥലത്ത് പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഡിവൈഎസ്പിയെയും മൂന്ന് പൊലീസുകാരെയും അവിടെ കണ്ടത്. പരിശോധനക്കെത്തിയ പൊലീസ് സംഘത്തെ കണ്ടയുടൻ ഡി.വൈ.എസ്.പി ശുചിമുറിയിൽ കയറി ഒളിഞ്ഞിരിക്കുകയായിരുന്നു.
വാഗമണ്ണിൽ പോയി അങ്കമാലിയിലേക്ക് എത്തിയതാണെന്നാണ് പൊലീസുകാർ പറഞ്ഞത്. എന്നാൽ അവരുടെ സംസാരത്തിൽ ചില പൊരുത്തക്കേടുകളുണ്ടായിരുന്നു എന്നാണ് വിവരം. സ്ഥലത്ത് പരിശോധനയ്ക്കെത്തിയ പൊലീസ് സംഘം ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് ഡിപ്പാർട്ട്മെന്റിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കൂടാതെ പൊലീസ് ആസ്ഥാനത്ത് നിന്ന് ഇതേക്കുറിച്ച് എറണാകുളം റൂറലിൽ വിവരം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്.
പല കേസുകളിലും പ്രതിയായി ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് തമ്മനം ഫൈസൽ. ഒരു വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ അടക്കം പ്രതിയാണ്. കഴിഞ്ഞ വർഷം യുവാവിനെ നഗ്നനാക്കി മർദ്ദിച്ച കേസിലും തമ്മനം ഫൈസൽ പ്രതിയാണ്. പൊലീസ് ഒരിക്കൽ കാപ്പ ചുമത്താനിരുന്നിരുന്നു. അങ്ങനെയൊരു ആളുടെ വീട്ടിലാണ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വിരുന്നിൽ അതിഥിയായി എത്തിയത്.