തിരുവനന്തപുരം: കാലവർഷത്തിൽ കേരളത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തെക്കേ ഇന്ത്യയിലും മധ്യ ഇന്ത്യയിലും കാലവർഷം കനക്കും. ജൂണിലും സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാംഘട്ട മൺസൂൺ പ്രവചന റിപ്പോർട്ടിലാണ് മഴ മുന്നറിയിപ്പ്.
ജൂൺ മുതൽ സെപ്റ്റംബർ വരെ ഇന്ത്യയൊട്ടാകെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഉത്തരേന്ത്യയിൽ 92 മുതൽ 108 ശതമാനം വരെ മഴ ലഭിച്ചേക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ 94 ശതമാനത്തിന് താഴെയായി കുറയുമെന്നാണ് കരുതുന്നത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ജൂണിൽ സാധാരണയേക്കാൾ കൂടുതൽ ശക്തമായ മഴ ലഭിക്കും. കാലവർഷം മേയ് 31ന് കേരളത്തിൽ എത്തും.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നി ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഇന്നും നാളെയും ഈ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഈ മൂന്ന് ജില്ലകൾക്ക് പുറമേ കോട്ടയം, തൃശൂർ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.