കൊച്ചി: പൊലീസുകാർക്കായി തന്റെ വീട്ടിൽ ഒരു പാർട്ടിയും നടന്നിട്ടില്ലെന്നും ഇവിടെ എന്താണ് നടക്കുന്നതെന്ന് അറിയില്ലെന്നും ഗുണ്ടാ നേതാവ് തമ്മനം ഫൈസൽ പറഞ്ഞു. ആരോപണ വിധേയനായ ഡി.വൈ.എസ്.പി എം.ജി സാബുവിനെ അറിയുമില്ല, അങ്ങനെ ഒരാളെ തന്റെ വീട്ടിൽ നിന്ന് പിടിച്ചിട്ടുമില്ലെന്ന് ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നിലെന്താണ് കളിയെന്ന് അറിയില്ലെന്നും കുറച്ചു ശത്രുക്കളുണ്ടെന്ന് ഇതോടെ ഉറപ്പായെന്നും തമ്മനം ഫൈസല്‍ പറഞ്ഞു.
തമ്മനം ഫൈസലിെൻറ അങ്കമാലിയിലെ വീട്ടിൽ വിരുന്നിന് പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.ജി.സാബുവിനെയും മറ്റുരണ്ടു പൊലീസുകാരെയും സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ഫൈസലിന്റെ പ്രതികരണം.
“എന്റെ വീട്ടില്‍ ഇങ്ങനെയൊരു പാര്‍ട്ടി നടന്നിട്ടില്ല. മൂന്നുപേര്‍ വന്നിരുന്നു. തൊട്ടുപിന്നാലെ പോലീസ് വണ്ടിവന്ന് അവരോടും എന്നോടും സ്റ്റേഷനിലേക്ക് വരാന്‍ പറഞ്ഞു. ഉടനെ ഞാന്‍ സ്വന്തം കാറില്‍ സ്റ്റേഷനിലേക്ക് പോയി. മമ്മൂട്ടിയുടെ സിനിമയ്ക്കുപോയിരുന്നു. ഇപ്പോള്‍ സിനിമയ്ക്കും പോകാന്‍ കഴിയാത്ത അവസ്ഥയായി. എന്തിനാണ് ആലുവയില്‍ സിനിമയ്ക്കുപോയതെന്ന് ചോദിച്ചു. എനിക്ക് സിനിമയ്ക്ക് പോകാന്‍ പാടില്ലേയെന്ന് ഞാന്‍ തിരിച്ചുചോദിച്ചു. അവിടെ കേക്ക് മുറിക്കുമ്പോള്‍ നീ അവിടെ നില്‍ക്കുന്നുണ്ടായിരുന്നല്ലോയെന്ന് ചോദിച്ചു. ഞാന്‍ അതേയെന്ന് പറഞ്ഞു. ഇപ്പോള്‍ എന്തൊക്കെ കേസുണ്ടെന്ന് ചോദിച്ചു, ഒന്നുമില്ല, സ്വസ്ഥമായി ഇരിക്കുയാണെന്ന് മറുപടി പറഞ്ഞു. പത്തുമിനിറ്റുപോലും എടുത്തിട്ടില്ലെന്നതാണ് സത്യം. ഉടനെ വിടുകയും ചെയ്തു”, തമ്മനം ഫൈസല്‍ പറഞ്ഞു.
ഗുണ്ടാ നേതാക്കളുടെ വീട് കേന്ദ്രീകരിച്ച് അങ്കമാലി സി.ഐയുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പരിശോധന നടന്ന് വരുമ്പോഴാണ് ഗുണ്ടാനേതാവിന്റെ വീട്ടിലെ വിരുന്ന് ശ്രദ്ധയിൽപെട്ടത്. ഫൈസലിന്റെ വീട്ടിൽ മൂന്നുപേർ സ്വകാര്യ വാഹനത്തിൽ എത്തിയതറിഞ്ഞ് അങ്കമലി പൊലീസ് നടത്തിയ പരിശോധനയിലാണ് പൊലീസുകാർ കുടുങ്ങിയത്. പൊലീസിനെ കണ്ട ഡി.വൈ.എസ്.പി ശുചിമുറിയിൽ ഒളിക്കുകയായിരുന്നു. സി.പി.ഒക്കും മറ്റൊരു പൊലീസ് ഡ്രൈവറുമാണ് കൂടെ ഉണ്ടായിരുന്നത്. മൂന്ന് പേരെയും സസ്പെൻഡ് ചെയ്തു.
അവധിക്കുപോയി തിരിച്ചു വരുമ്പോഴാണ് ഡി.വൈ.എസ്.പിയും സംഘവും ഗുണ്ടാ നേതാവിന്റെ വീട്ടിൽ കയറിയതെന്ന് ആലപ്പുഴ ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. മുൻ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയായിരുന്ന സാബു അടുത്തമാസം വിരമിക്കാനിരിക്കുകയായിരുന്നു. ഡിവൈഎസ്പിക്ക് നൽകാവിരുന്ന യാത്രയയപ്പ് റദ്ദാക്കി. പരിപാടിക്കായി തയ്യാറാക്കിയിരുന്ന പന്തലും ഡിവൈഎസ്പി ഓഫീസിന് മുന്നിൽ നിന്ന് അഴിച്ചു മാറ്റി.