വാഷിങ്ടണ്‍: അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ 20 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ടെക്സസ്, ഓക്ലഹോമ, അര്‍കെന്‍സ, കെന്റക്കി, ഇല്ലിനോയിസ്, മിസൗറി, ടെന്നസി എന്നിവിടങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
മിസിസിപ്പി, ഒഹായോ, ടെന്നസി നദീതടങ്ങളിലാണ് പ്രധാനമായും നാശനഷ്ടമുണ്ടായത്. മേഖലയില്‍ അനവധി വീടുകളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു.
ഡാലസില്‍ നിന്ന് 60 മൈല്‍ വടക്ക് വാലി വ്യൂവിനടുത്തും ചുഴലിക്കാറ്റ് വീശി. നാല് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര് മരിച്ചതായാണ് സൂചന. കടപുഴകി വീണ മരങ്ങളും വൈദ്യുതി ലൈനുകളും കാരണം രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമായി.
11 തവണയാണ് കഴിഞ്ഞ ദിവസം യുഎസില്‍ ചുഴലിക്കാറ്റ് വീശിയത്. കാറ്റിന്റെ ശക്തി ദുര്‍ബലമായിട്ടില്ലെന്നും വരും മണിക്കൂറുകളില്‍ 85 മൈല്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. ആലിപ്പഴം വീഴാനും സാധ്യതയുള്ളതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.