തിരുവനന്തപുരം: ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിന് സസ്പെൻഷൻ. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സസ്പെൻഷൻ. ഒരുമണിക്കൂറിനുള്ളില്‍ സാബുവിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങണമെന്ന കര്‍ശനമായ നിര്‍ദേശമാണ് മുഖ്യമന്ത്രി നല്‍കിയത്.
പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് നേരത്തെ തന്നെ സസ്പെൻഷൻ ലഭിച്ചിരുന്നു. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്ത്. മൂന്നാമതൊരു പൊലീസുകാരൻ കൂടി പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇദ്ദേഹം വിജിലൻസില്‍ നിന്നുള്ളയാളാണ്. ഇദ്ദേഹത്തെയും അല്പസമയം മുമ്പ് സസ്പെൻഡ് ചെയ്തു.
ഈ മാസം 31ന് വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് സാബു. ഡിവൈഎസ്പിക്ക് നൽകാവിരുന്ന യാത്രയയപ്പ് റദ്ദാക്കി. പരിപാടിക്കായി തയ്യാറാക്കിയിരുന്ന പന്തലും ഡിവൈഎസ്പി ഓഫീസിന് മുന്നിൽ നിന്ന് അഴിച്ചു മാറ്റി.
സാബുവിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്തുനിന്ന് സാബുവിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് ലഭിച്ചു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം സാബുവിനെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചത്.
ഗുണ്ടാ നേതാക്കളുടെ വീട്ടില്‍ നടത്തുന്ന ‘ഓപ്പറേഷന് ആഗ്’ പരിശോധനയുടെ ഭാഗമായാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍, ഡിവൈ.എസ്.പിക്കും പോലീസുകാര്‍ക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്. റെയ്ഡിനെത്തിയ അങ്കമാലി എസ്.ഐയെ കണ്ടതോടെ ഡിവൈ.എസ്.പി. അടക്കമുള്ള പോലീസുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.