മസ്കറ്റ് : കേരള സെക്ടറില്‍ വിവിധ വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. മേയ് അവസാനം വരെ നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ ട്രാവല്‍ ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ അറിയിച്ചു.
മേയ് 29, 31 തീയതികളിൽ കോഴിക്കോട്-മസ്കറ്റ്, 30, ജൂൺ ഒന്ന് തീയതികളിൽ മസ്കറ്റ്-കോഴിക്കോട് വിമാനങ്ങൾ റദ്ദാക്കി. മേയ് 30ന് തിരുവനന്തപുരത്തുനിന്ന് മസ്കറ്റിലേക്കും ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കും, 31ന് കണ്ണൂരിൽ നിന്ന് മസ്കറ്റിലേക്കും ഇവിടെ നിന്ന് കണ്ണൂരിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ജൂൺ മാസത്തിൽ നിരവധി വിമാനങ്ങള്‍ മെർജ് ചെയ്തതായും അറിയിച്ചിട്ടുണ്ട്. ജൂണ്‍ എട്ട്, ഒൻപത് തീയതികളിലുള്ള മസ്കറ്റ്-കോഴിക്കോട്, മസ്കറ്റ്-തിരുവനന്തപുരം സര്‍വീസുകള്‍ ലയിപ്പിച്ച് ഒറ്റ സര്‍വീസുകളായിരിക്കും നടത്തുക.
അതേസമയം, കുവൈത്തിലെ പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സര്‍വീസ് തുടങ്ങുന്നു. കുവൈത്ത്- കൊച്ചി സെക്ടറിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ജൂൺ മുതൽ ആഴ്ചയിൽ കുവൈത്തിലേക്ക് കൊച്ചിയിൽ നിന്നും തിരിച്ചും മൂന്നു സർവിസുകൾ ഉണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിലും കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങളിലുമായാണ് സർവിസ്. ജൂൺ മൂന്നു മുതൽ ഇവ സർവിസ് ആരംഭിക്കും. നിലവിൽ കണ്ണൂർ, കോഴിക്കോട് സെക്ടറിൽ മാത്രമാണ് കുവൈത്തിൽ നിന്ന് എയർ ഇന്ത്യ സർവിസ് ഉള്ളത്. ഇതോടെ കുവൈത്തിൽനിന്ന് കൊച്ചിയിലേക്കു സർവീസ് നടത്തുന്ന എയർലൈനുകളുടെ എണ്ണം നാലായി. ഇൻഡിഗോ, കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവയാണ് നിലവിൽ സർവീസ് നടത്തുന്നത്.