Agriculture

ഒരു മുറി ഒഴിവുണ്ടോ? എങ്കിൽ കൂൺ കൃഷി തരും വരുമാനം

പോഷക സമ്പുഷ്ടവും ഔഷധമേന്‍മ ഏറെയുള്ളതുമായ ഒരു ഉത്തമ ഭക്ഷ്യവസ്തുവാണ് കൂണ്‍. കുറഞ്ഞ മുതല്‍മുടക്കില്‍ കൂണ്‍കൃഷി തുടങ്ങാന്‍ സാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. മാസ്യം, ആന്റി ഓക്‌സിഡന്റുകള്‍ ബി1, ബി2, ബി5, സി, ഡി തുടങ്ങിയ ജീവകങ്ങളാലും സെലീനിയം ഉള്‍പ്പെടെയുള്ള ധാതുലവണങ്ങളാലും സമ്പന്നമാണ് കുണ്‍.കൂണില്‍ അടങ്ങിയ സെലീനിയം അര്‍ബുദത്തെ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കുന്നതാണ്.

രക്തസമര്‍ദ്ദം, പ്രമേഹം, ഹൃദ്‌രോഗം, അമിതവണ്ണം പോലുള്ള രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും കൂണ്‍ ഫലപ്രദമാണ്.കൂണ്‍കൃഷിയിലൂടെ ജീവനോപാധി കണ്ടത്തുന്ന നിരവധി പേര്‍ ഇന്ന് കേരളത്തിലുണ്ട്. കൃഷി ചെയ്യാന്‍ മണ്ണ് പോലും ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.

വൈക്കോല്‍, റബ്ബര്‍ മരപ്പൊടി എന്നിവയാണ് ചിപ്പിക്കൂണിനും പാല്ക്കൂണിനും യോജിച്ച മാധ്യമം. നല്ല കട്ടിയും മഞ്ഞ നിറവുമുള്ള ഉണങ്ങിയ വൈക്കോല്‍ ലഭിച്ചാല്‍ മാത്രം കൃഷി ചെയ്യുക. റബ്ബര്‍ മരപ്പൊടി പുതിയതും വെളുത്തതുമായിരിക്കണം. നല്ല്ല വെള്ളത്തില്‍ മാധ്യമം 8-12 മണിക്കൂര്‍ കുതിര്‍ത്ത ശേഷം കുറഞ്ഞത്‌ 30 മിനിട്ടെങ്കിലും വെള്ളത്തില്‍ തിളപ്പിക്കുകയോ, ആവി കയറ്റുകയോ വേണം.

ഫോര്‍മാലിന്‍/ബാവിസ്ടിന്‍ മിശ്രിതം ശരിയായ തോതില്‍ തയ്യാറാക്കി (500 പി പി എം ഫോര്‍മാലിന്‍ + 75 പി പി എം ബവിസ്ടിന്‍ ) 18 മണിക്കൂറെങ്കിലും മാധ്യമം മുക്കി വെച്ച് അണുനശീകരണം നടത്തണം. 50-60 ശതമാനത്തില്‍ കൂടുതല്‍ ഈര്‍പ്പം മാധ്യമത്തില്‍ പാടില്ല. ജലാംശം കൂടിയാല്‍ രോഗകീടബാധയും കൂടും. കൂണ്‍ വളര്‍ച്ച കുറയും. മഴക്കാലത്ത് ഈച്ചയും വണ്ടും കൂണ്‍ കൃഷിയെ സാരമായി ബാധിക്കുന്നത് കൂണ്‍ തടത്തിലെ അധികം ജലാംശം നിമിത്തമാണ്. മാധ്യം മുറുക്കി പിഴിഞ്ഞാല്‍ വെള്ളം വരാന്‍ പാടില്ല. പക്ഷെ കയ്യില്‍ നനവുണ്ടാകുകയും വേണം.

കൂണ്‍ വിത്ത്

കൂണ്‍ കൃഷിയിലെ പ്രധാന പ്രശ്നം മികച്ച കൂണ്‍ വിത്തിന്റെ അഭാവമാണ്. കൂണ്‍ നന്നായി വളര്‍ന്നു പിടിച്ചു നല്ല വെളുത്ത കട്ടിയുള്ള കൂണ്‍ വിത്ത് വാങ്ങുക. അണുബാധയുള്ളത് ഉപയിഗിക്കരുത്. കൂണ്‍ വിത്തുകള്‍ കൂട്ടി കലര്‍ത്തി തടം തയ്യാറാക്കരുത്.

കൂണ്‍മുറി

കൂണ്‍ മുറിയില്‍ നല്ല വായു സഞ്ചാരവും തണുപ്പും 95-100% ആര്‍ദ്രതയും നിലനിര്‍ത്തണം. തറയില്‍ ചാക്കോ മണലോ നിരത്തി നനചിടാം. ദിവസവും കൂണ്‍ മുറി ശുചിയാക്കി അണുബാധ ആരംഭിച്ച തടങ്ങള്‍ അപ്പപ്പോള്‍ തന്നെ മാറ്റണം. വിളവെടുപ്പ് കഴിഞ്ഞാല്‍ കൂണ്‍ അവശിഷ്ടങ്ങള്‍ മാറ്റി വൃത്തിയാക്കി ഒരു ശതമാനം ബ്ലീച്ചിംഗ് പൌഡര്‍ ലായനി തളിച്ച് കൂണ്‍മുറി വൃത്തിയാക്കണം. കീടബാധയാണ് മറ്റൊരു പ്രശ്നം. ഈച്ചയും വണ്ടും കൂണ്‍മുറിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മുറിയുടെ ജനല്‍, വാതില്‍, മറ്റു തുറസ്സായ സ്ഥലങ്ങള്‍ എന്നിവ 30-40 മേഷ് വല കൊണ്ട് അടിക്കണം. കൂടാതെ മുരിക്കുള്ളില്‍ നിലത്തും ചുവരിലും പുറത്തും വേപ്പെണ്ണ സോപ്പ് മിശ്രിതം ആഴ്ചയില്‍ ഒരിക്കലെങ്കിലും തളിക്കണം.

ഒരു കൃഷി കഴിഞ്ഞാല്‍ കൂണ്‍ തടങ്ങള്‍ മാറ്റി കൂണ്‍മുറി പുകയ്ക്കണം. പുകയ്ക്കാന്‍ 2% ഫോര്മാലിനോ, ഫോര്‍മാലിന്‍ -പൊട്ടാസ്യം പെര്‍മംഗനെറ്റ് മിശ്രിതമോ ഉപയോഗിക്കാം. ചിപ്പിക്കൂണിന്റെ അഞ്ചു ഇനങ്ങള്‍ ഇവിടെ വിജയകരമായി വളര്‍ത്താം. വെളുത്ത നിറവും 18-22 ദിവസത്തിനുള്ളില്‍ ആദ്യ വിളവും ലഭിക്കുന്ന പ്ലൂറോട്ട്സ് ഫ്ലോറിഡ, 22-25 ദിവസം കൊണ്ട് വിളവു തരുന്ന ചാര നിറമുള്ള പ്ലൂറോട്ടസ് ഇയോസ്സയും പ്ലൂറോട്ടസ് ഒപ്പന്ഷ്യയും. ഇതില്‍ പ്ലൂറോട്ട്സ് ഫ്ലോറിഡ ആണ് കൂടുതല്‍ കൃഷി ചെയ്യുന്നത്.

പാല്‍ക്കൂണിന്റെ മികച്ച ഇനങ്ങളാണ് കലോസിബ ജംബൊസയും കേരളത്തില്‍ തുടര്‍ കൃഷിക്ക് അനുയോജ്യമായ ഇനങ്ങളാണ്.