ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ 7000ത്തിലധികം രേഖകൾ ഡിജിറ്റൈസ് ചെയ്തു. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുമായി (എൻ.എ.ഐ) സഹകരിച്ച് മസ്കത്തിലെ ഇന്ത്യൻ എംബസിയാണ് അതുല്യ പദ്ധതി നടത്തിയത്. പദ്ധതിക്ക് ഒമാനിലെ നാഷണൽ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റിയുടെ (എൻ.ആർ.എ.എ) പിന്തുണയും ലഭിച്ചു.
നൂറ്റാണ്ടിലേറെ പഴക്കമുള്ള രേഖകളടക്കമുള്ളവയാണ് ഉദ്യോഗസ്ഥർ ശ്രദ്ധാപൂർവം കഴിഞ്ഞ പത്തു ദിവസങ്ങളിലായി ഡിജിറ്റലിലേക്ക് മാറ്റിയത്. 19ാം നൂറ്റാണ്ടിലെയും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും നൂറുകണക്കിന് രേഖകളാണ് മസ്കത്തിലെ ഇന്ത്യൻ എംബസിയിൽ സ്കാൻ ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്. തിങ്കളാഴ്ചയോടെയാണ് 7,000-ത്തിലേറെ ഇന്ത്യൻ പ്രവാസികളുടെ വ്യക്തിഗത രേഖകൾ ഡിജിറ്റൈസ് ചെയ്തത്.
ഇന്ത്യൻ വ്യാപാരി കുടുംബങ്ങളുടെ സ്വകാര്യ ശേഖരത്തിൽനിന്ന് ഇംഗ്ലീഷ്, അറബിക്, ഗുജറാത്തി, ഹിന്ദി ഭാഷകളിലുള്ള 7,000-ലധികം രേഖകളാണ് ഡിജിറ്റൈസ് ചെയ്തത്. വ്യക്തിഗത ഡയറികൾ, അക്കൗണ്ട് ബുക്കുകൾ, ലെഡ്ജറുകൾ, ടെലിഗ്രാമുകൾ, വ്യാപാര ഇൻവോയ്സുകൾ, പാസ്പോർട്ടുകൾ, കത്തുകൾ, ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ ജീവിതത്തിലേക്കും സംഭാവനകളിലേക്കും വെളിച്ചം വീശുന്ന ഫോട്ടോഗ്രാഫുകൾ എന്നിവ ഡിജിറ്റൈസ് ചെയ്ത രേഖകളിൽ ഉൾപ്പെടുന്നു. ഡിജിറ്റൈസ് ചെയ്ത രേഖകൾ ആർക്കൈവുചെയ്ത് എൻഎഐയുടെ ഡിജിറ്റൽ പോർട്ടലായ ‘അഭിലേഖ് പതലിൽ’ അപ്ലോഡ് ചെയ്യും, ഈ രേഖകൾ ഗവേഷകർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കും.