ഞാന്‍ ആരെയും പറ്റിക്കാതെ സുഖമായി പണിയെടുത്ത് ജീവിക്കുന്നവനാണ്, ഒരാളോടും കാശ് ചോദിക്കാതെ മര്യാദയ്ക്ക് കുടുംബവുമായി ജീവിക്കുന്ന ഞാന്‍ ഒരു ഗുണ്ടയല്ല. ഇങ്ങനെ കാര്യങ്ങള്‍ പറഞ്ഞ് ഞാനൊരു ഗുണ്ടയല്ലെന്ന് സ്വയം വിശേഷിപ്പിക്കുന്നത് കാപ്പ കേസില്‍ ഉള്‍പ്പടെ കുപ്രസിദ്ധ ഗുണ്ടയായ തമ്മനം ഫൈയ്സലാണ്. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ഇരിക്കെ ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.ജി. സാബുവിന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ചത് തമ്മനം ഫൈയ്സലിന്റെ വീട്ടില്‍ നടന്ന വിരുന്നായിരുന്നു.
ഗുണ്ടകളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടപ്പാക്കുന്ന ആഗ് ഒപ്പറേഷന്റെ ഭാഗമായി അങ്കമാലി പൊലീസ് എസ്‌ഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയപ്പോഴാണ് ഡിവൈഎസ്പിയും പൊലീസുകാരുമാണ് കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടില്‍ വിരുന്നെത്തിയതെന്ന് തിരിച്ചറിഞ്ഞത്. എസ്‌ഐയെ കണ്ടതോടെ ഡിവൈഎസ്പി സാബു ശുചിമുറിയില്‍ ഒളിച്ചു. പൊലീസുകാരാണ് ഗുണ്ടാ നേതാവിന്റെ വീട്ടിലെന്ന് കണ്ടതോടെ ഇവര്‍ക്കെതിരായി അങ്കമാലി പൊലീസ് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആലപ്പുഴ പൊലീസ് ക്യാംപിലെ ഒരു ഡ്രൈവര്‍, സിപിഒ എന്നിവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടിയും വകുപ്പ് കൈക്കൊണ്ടു. ഗുണ്ടയുമായുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധം സേനയ്ക്കും അതുപോലെ സര്‍ക്കാരിനും നാണക്കേടുണ്ടാക്കിയിട്ടുണ്ട്.
ആരാണ് തമ്മനം ഫൈസല്‍?
ഗുണ്ടാ നേതാക്കളുടെ ഇടയില്‍ ഫേമസാണെങ്കിലും പൊതുജനങ്ങള്‍ ഈ പേര് കേള്‍ക്കുന്നത് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.ജി. സാബുവിന്റെ വിഷയത്തോടെയാണ്. കാപ്പാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കൊച്ചി റൂറലില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത ആദ്യ ഗുണ്ട നേതാവാണ് തമ്മനം ഫൈസല്‍ എന്ന ജോര്‍ജ്. തമ്മനത്ത് താമസിച്ചിരുന്ന സമയത്താണ് ആ പേര് ഫൈസലിന് വീണത്. പിന്നീട് അമ്മയുടെ നാടായ അങ്കമാലിയിലേക്ക് താമസം മാറുന്നതോടെയാണ് ഗുണ്ടകള്‍ക്കിടയിലും പൊലീസിനിടയിലും തമ്മനം ഫൈസല്‍ എന്ന പേര് സ്ഥിരപ്പെടുന്നത്. അച്ഛനെ തല്ലിയ അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് 18 ാം വയസില്‍ തമ്മനം ഫൈസല്‍ കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തുന്നത്. കൊച്ചി ഭരിച്ചിരുന്ന ഗുണ്ടാനേതാവ് തമ്മനം ഷാജിയുടെ എതിരാളിയായാണ് ഫൈസല്‍ വളര്‍ന്നുവന്നത്. മുപ്പതിലേറെ കേസുകളില്‍ പ്രതിയായിരുന്ന ഫൈസലിനു ഷാജിയെ ഒതുക്കാനായി പോലീസിന്റെ പിന്തുണയും ആദ്യകാലത്തു ലഭിച്ചിരുന്നു. യൂട്യൂബ് അഭിമുഖങ്ങളിലൂടെ പ്രശസ്തനായ ഫൈസലിനെതിരെ മുപ്പതോളം കേസുകള്‍ നിലവില്‍ ഉണ്ടെങ്കിലും കൊലപാതക ശ്രമം ഉള്‍പ്പടെ അഞ്ചോളം കേസുകളുണ്ട്. 2021ല്‍ മറ്റൊരു ഗുണ്ടാ നേതാവ് മരട് അനീഷിന്റെ സംഘാംഗമായ ജോണി ആന്റണിയെ നഗ്‌നനാക്കി കെട്ടിയിട്ടു മര്‍ദിച്ച കേസാണ് ഇതില്‍ ഏറ്റവും ഒടുവിലുള്ളത്. ഇതിന്റെ ദൃശ്യങ്ങള്‍ ഫൈസലും സംഘവും തന്നെ സമൂഹ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയിരുന്നു. തന്നെ ഉപദ്രവിച്ചതിനുള്ള പ്രതികാരമെന്ന നിലയിലാണ് ഇത് സമൂഹമാധ്യമത്തില്‍ അവതരിപ്പിച്ചതെന്ന് കരാട്ടെ അധ്യാപകന്‍ കൂടിയാണ് ഫൈസല്‍ പറഞ്ഞിരുന്നു.
അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രം ടര്‍ബോയുടെ റിലീസുമായി ബന്ധപ്പെട്ട് ഫൈയ്സല്‍ ഉള്‍പ്പെടെയുള്ള ഗുണ്ടകള്‍ ആലുവയില്‍ ഒത്തുകൂടി ആഘോഷം നടത്തി എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. താന്‍ കുടുംബത്തിനൊപ്പം സിനിമയ്ക്ക് പോയപ്പോള്‍ അവിടെ നടന്ന കേക്കുമുറിയില്‍ പങ്കെടുക്കുക മാത്രമേ ചെയ്തുള്ളൂ എന്നാണ് ഫൈയ്സലിന്റെ വാദം പൊലീസ് വിശ്വസിച്ചിട്ടില്ല. ഞാന്‍ ഗുണ്ടയല്ലെന്നും ബിസിനസ് നടത്തുന്നയാളെണെന്നും ഫൈസല്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. നേരത്തെ 2 ടിപ്പറുകള്‍ ഉണ്ടായിരുന്നു എന്നും ഇപ്പോള്‍ ഒരെണ്ണമേ ഉള്ളുവെന്നും ഡ്രൈവര്‍മാരെയും ക്ലീനേഴ്‌സ് ഉള്‍പ്പടെ നിരവധി പേര്‍ക്ക് ജോലി നല്‍കുന്നുണ്ടെന്ന് ഫൈസല്‍ പറയുന്നു. കൊച്ചി നഗരത്തില്‍ മാലിന്യ വണ്ടികള്‍ ഉണ്ടെന്നും അതില്‍ നിന്നുമെല്ലാമാണ് വരുമാനമെന്നും ഫൈസല്‍. ഇതില്‍ ഒരു ടാങ്കറിന് മാത്രം ദിവസം 20,000 രൂപയെങ്കിലും ലാഭം കിട്ടും. ഗുണ്ടാ ബന്ധത്തിന്റെ പുറത്ത് ശുചിമുറി മാലിന്യം എവിടെ നിക്ഷേപിക്കും എന്നത് തീരുമാനിക്കുന്നത് ഫൈസലാണ്. പെരിയാറിന്റെ പല കൈവഴികളിലും ഇങ്ങനെ മാലിന്യങ്ങള്‍ നിക്ഷേപിക്കാറുണ്ടെന്ന് ഫൈസലിന്റെ കൂട്ടാളികള്‍ തന്നെ പറയുന്നു.
തമ്മനത്തെ മുടവത്തില്‍ കുടുംബത്തില്‍ ജോസഫിന്റെ മകനായി ജനനം എം.ജെ. ഫൈയ്‌സല്‍ എന്നാണ് മുഴവൻ പേര്. ജോര്‍ജ് എന്നു വിളിപ്പേരുണ്ട്. അടിപിടി ഗുണ്ടാ പരിപാടികള്‍ക്ക് തുടക്കമിട്ടപ്പോള്‍ ഫൈസലിന് എതിരാളിയായി മുന്നില്‍ നിന്നത് കുപ്രസിദ്ധനായ തമ്മനം ഷാജിയെന്ന ഗുണ്ടാ നേതാവായിരുന്നു. രണ്ടു ഗ്യാങ്ങുകളായി തിരിഞ്ഞ് ഇവര്‍ തമ്മിലടിക്കുന്നത് പതിവായിരുന്നു. അഞ്ചു കൊല്ലത്തോളം ഷാജിയുടെയും ഫെയ്സലിന്റെയും കൂട്ടാളികള്‍ തമ്മില്‍ ഏറ്റുമുട്ടി പിന്നീട് സംസാരിച്ച് ഒത്തുതീര്‍പ്പാക്കിയെന്നു ഫൈയ്സല്‍ തന്നെ പറയുന്നു.
2007ല്‍ ഗുണ്ടാ ആക്ട്ട് നിലവില്‍ വന്നപ്പോള്‍ ഏറ്റവും ആദ്യം കാപ്പ ചുമത്തപ്പെട്ടത് കൊച്ചി നഗരത്തില്‍ തമ്മനം ഷാജിയും എറണാകുളം റൂറലില്‍ ഫൈയ്‌സലുമാണ്. എന്നാല്‍ ജയിലില്‍ പോകാതെ താന്‍ ഗള്‍ഫിലേക്കു കടന്നെന്നും നാല് കൊല്ലം അവിടെ ക്രെയിന്‍ ഓപ്പറേറ്ററായി ജോലി ചെയ്തു എന്നും ഫൈയ്സല്‍ പറയുന്നു. പിന്നീട് തിരിച്ചെത്തിയാണ് ഇപ്പോഴത്തെ ബിസിനസ്സുകളിലേക്കു റിയല്‍ എസ്റ്റേറ്റ് പരിപാടികളിലേക്കും ഫൈസല്‍ കടന്നത്.
എതിരാളികളെ തന്റെ പട്ടികള്‍ക്കൊപ്പം കൂട്ടിലിട്ട് കടിപ്പിക്കും എന്ന് ഫൈയ്സലിനെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതെല്ലാം വെറും കഥകള്‍ മാത്രമാണെന്നാണ് ഫൈയ്സലിന്റെ വാദം. ഭായി നസീറും മരട് അനീഷും ശക്തരായി നില്‍ക്കുന്നതിനിടയില്‍ കടന്നുകയറാനുള്ള ഫൈയ്സലിന്റെ ശ്രമമാണ് തര്‍ക്കത്തിന്റെ കാരണങ്ങളെന്നു പറയുന്നവരുമുണ്ട്. കൊച്ചിയിലെ ലഹരി കടത്ത് നടക്കുന്നത് മാലിന്യവണ്ടികളിലാണെന്നും ഇത് പരിശോധിക്കണമെന്നും മരട് അനീഷ് അടുത്തിടെ പറഞ്ഞിരുന്നത് ഫൈസലിനെ ഉന്നംവെച്ച് തന്നെയായിരുന്നുവെന്ന് വ്യക്തമാണ്. എന്നാല്‍ കൊച്ചിയിലെ മിക്ക ഗുണ്ടാ നേതാക്കള്‍ക്കും ലഹരി ഇടപാടുണ്ടെന്നും നേതാക്കള്‍ നേരിട്ടാണ് ഇത് ചെയ്യുന്നതെന്നും ഫൈയ്സല്‍ തിരിച്ചടിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
കൊച്ചി കേന്ദ്രീകരിച്ച് ഗുണ്ടാ-ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ഇത്തരം മാഫിയാ സംഘങ്ങള്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്. സിനിമ മേഖലയില്‍ മയക്കു മരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായി കാണിച്ച് നിര്‍മ്മാതാക്കളുടെ സംഘടനകള്‍ ഉള്‍പ്പടെ രംഗത്തു വന്നിരിന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസിലും ഇവര്‍ കളം ചവിട്ടി പിടിക്കുന്നത് എന്നും പൊലീസിനും തലവേദനയാണ് സൃഷ്ടിക്കുന്നത്.