കൊച്ചി: സംവിധായകന് ഒമര്‍ ലുലു ബലാത്സംഗം ചെയ്തുവെന്ന് പരാതി. മലയാളത്തിലെ യുവ നടിയാണ് സംവിധായകനെതിരെ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ നെടുമ്പാശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. അതേസമയം, കേസിന് പിന്നിൽ വ്യക്തിവിരോധം ആണെന്ന് ഒമർ ലുലു പ്രതികരിച്ചു.
നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പീഡന പരാതിക്ക് കാരണമെന്നും ഒമർ ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്മെയിലിംഗിന്റെ ഭാഗം കൂടിയാണ് പരാതിയെന്നും ഒമര്‍ ലുലു ആരോപിച്ചു.
2016ല്‍ റിലീസ് ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് ഒമര്‍ ലുലു സിനിമാ സംവിധാനത്തിലേക്ക് എത്തുന്നത്. ശേഷം ഹണി റോസ്, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചങ്ക്സ് റിലീസ് ചെയ്തു. എന്നാല്‍ മൂന്നാം ചിത്രമായ ഒരു അഡാർ ലവ് ഒമറിനെ ഇന്ത്യയ്ക്ക് അകത്തും പുറത്തും ശ്രദ്ധേയനാക്കി മാറ്റിയിരുന്നു. ധമാക്ക ആയിരുന്നു നാലാമത്തെ സിനിമ. അഞ്ചാമത്തെ ചിത്രമായ നല്ല സമയം റിലീസ് വേളയിൽ ഏറെ വിവാദങ്ങൾ നേരിട്ടിരുന്നു. സിനിമയിലൂടെ എം.ഡി.എം.എയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് കോഴിക്കോട് എക്സൈസ് കേസെടുത്തിരുന്നു. തുടർന്ന് റിലീസ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം തിയേറ്ററുകളിൽ നിന്നും സിനിമ പിൻവലിക്കുകയും ചെയ്തിരുന്നു.