മസ്കത്ത് : ഒമാനിലെ മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ ഒരു കെട്ടിടത്തിലെ അപ്പാർട്ട്മെന്റിന് തീപിടിച്ചു. തെക്കൻ അൽ ഹൈൽ ഏരിയയിലായിരുന്നു സംഭവം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബലൻസ് അതോറിറ്റിയിലെ അംഗങ്ങള്‍ 17 പേരെ രക്ഷപ്പെടുത്തി. തീപിടിത്തം നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. സംഭവത്തില്‍ ആർക്കും പരിക്കുകളൊന്നുമില്ല.
ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ചാണ് കെട്ടിടത്തില്‍ നിന്ന് ആളുകളെ പുറത്തെത്തിച്ചത്. അതേസമയം ഒമാനിലെ ബൗഷര്‍ വിലായത്തില്‍ ഒരു വീടിന് തീപിടിച്ചിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി തീപിടിത്തം നിയന്ത്രണവിധേയമാക്കി.
ബൗഷര്‍ വിലായത്തിലെ അല്‍ ഖുവൈര്‍ പ്രദേശത്തെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. മസ്കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങളെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.