വീട്ടമ്മയുടെ മരണത്തിനിടയാക്കിയ ഭക്ഷ്യവിഷബാധയുടെ ഉറവിടമായ പെരിനത്തെ ഹോട്ടൽ നിയമനടപടി നേരിട്ടത് പലവട്ടം ആണ്. നിരോധിത രാസ നിറമായ സൺസെറ്റ് യെലോ ചേർത്ത അൽഫാം ചിക്കൻ വിൽപ്പന നടത്തിയതിന്റെ പേരിൽ മൂന്നുമാസം മുമ്പ് ഹോട്ടലിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.
ഈ കേസ് കോടതിയിൽ തുടരുന്നതിനിടെയാണ് പുതിയ സംഭവം. മുൻപേ സുരക്ഷിതമല്ലാത്ത ചുറ്റുപാടിലെ ഭക്ഷണ വിതരണത്തിന്റെ പേരിൽ ആരോഗ്യവകുപ്പ് ഒരുവട്ടം ഹോട്ടൽ പൂട്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഓരോ വട്ടവും നിയമനടപടിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഹോട്ടൽ പഴയ ചുറ്റുപാടിൽ പ്രവർത്തിക്കുകയും ചെയ്തത് എങ്ങനെയെന്നത് വ്യാപക ആരോപണങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. അൽ ഫഹം ചിക്കന് മഞ്ഞനിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് സൺ സെറ്റ് യെലോ.സൗന്ദര്യവർദ്ധക വസ്തുക്കൾ,വസ്ത്രങ്ങൾ എന്നിവയ്ക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന ഈ രാസവസ്തു മാരക ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
അലർജി, കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി, ക്രോമസോം വ്യതിയാനങ്ങൾ എന്നിവയൊക്കെ ഈ രാസവസ്തു വഴിയൊരുക്കും. കഴിഞ്ഞ ഫെബ്രുവരി ഹോട്ടലിൽ നിന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ശേഖരിച്ച സാമ്പിൾ പരിശോധിച്ചപ്പോഴാണ് സൺസെറ്റ് യെലോ സാന്നിധ്യം കണ്ടത്. പിഴയോടുക്കി വിടാവുന്ന കുറ്റമല്ലാത്തതിനാലാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ തുടങ്ങിയത്. എന്നാൽ ഹോട്ടൽ പ്രവർത്തനം തുടരുകയും ചെയ്തു.
ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധ ഏറ്റവർ കഴിച്ചത് കുഴിമന്തിയും അൽഫാമും ആണ്. ഈ ഭക്ഷണങ്ങളുടെ കൂടെ മയോണൈസ് കഴിച്ചതായും ആശുപത്രിയിൽ കഴിയുന്ന ഒട്ടുമിക്കവരും ആരോഗ്യവകുപ്പിനും ഭക്ഷ്യസുരക്ഷാ വകുപ്പിനും മൊഴി നൽകിയിട്ടുണ്ട്. മയോണൈസ് തന്നെയാണോ അപകടത്തിന് ഇടയാക്കിയ എന്ന കാര്യം വ്യക്തമാക്കേണ്ടതുണ്ട്. അപകടകാരികളായ ബാക്ടീരിയ വളരാനുള്ള മീഡിയമായി പലപ്പോഴും മയോണൈസ് മാറുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പറയുന്നു.