മസ്കത്ത് : കുറഞ്ഞ നിരക്കിൽ യാത്ര സാധ്യമാക്കുന്ന ബജറ്റ് വിമാന കമ്പനി തുടങ്ങാൻ ഒമാൻ ആലോചിക്കുന്നു. പുതിയ വിമാനക്കമ്പനിക്ക് ലൈസൻസ് നൽകാനുള്ള ആഗ്രഹം സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) പ്രഖ്യാപിച്ചു. താൽപര്യമുള്ള കമ്പനികളിൽനിന്നും നിക്ഷേപവും ക്ഷണിച്ചു. നിലവിൽ ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയറിന് പുറെമെ ബജറ്റ് വിമാനമായ സലാം എയറുണ്ട്.
ഇതിനുപുറമെയാണ് മൂന്നാമതൊരു കമ്പനിക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി ആലോചിക്കുന്നത്. പുതിയ എയർലൈനിന്റെ വിശദാംശങ്ങൾ സി.എ.എ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കോവിഡ് മഹാമാരിക്ക് ശേഷം ട്രാവൽ, ടൂറിസം മേഖലയിലെ വളർച്ചക്ക് സുപ്രധാന പങ്കുവഹിച്ചത് ഒമാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് മേഖലയാണെന്നാണ് വിദഗ്ധർ പറയുന്നത്.
രാജ്യത്തേക്ക് സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് യൂറോപ്യൻ രാജ്യങ്ങളലെല്ലാം പ്രമോഷനൽ കാമ്പനികൾ നടത്തി വരുന്നുണ്ട്. എന്നാൽ, കണക്റ്റിവിറ്റി ഒരു പ്രധാന പ്രശ്നമാണെന്ന് പൈതൃക, ടൂറിസം മന്ത്രാലയവും ചൂണ്ടികാണിക്കുന്നു. സ്പെയിനിലും മറ്റ് രാജ്യങ്ങളിലും ഒമാനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടത്ര കാര്യങ്ങളും ചെയ്തിട്ടില്ലെന്നും അധികൃതർ പറയുന്നു.
ചൈനയിലെയും യൂറോപ്പിലെയും സാധ്യതയുള്ള നിരവധി വിപണികളിലേക്ക് ഇപ്പോഴും ഒമാനിൽനിന്ന് നേരിട്ടുള്ള വിമാനങ്ങളൊന്നും ഇല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. കോവിഡ് മഹാമാരിക്ക് ശേഷം 2022-2023നും ഇടയിൽ വിമാന സഞ്ചാരത്തിൽ 35 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. മസ്കത്ത് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ 47 ശതമാനവും ഉയർച്ചയും വന്നു. ഒമാനിൽ പുതിയ ആറ് വിമാനത്താവളങ്ങൾകൂടി നിർമിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ നായിഫ് അൽ അബ്രി വ്യക്തമാക്കിയിരുന്നു.
അവയിൽ മിക്കതും 2028-2029 ഓടെ പ്രവർത്തനക്ഷമമാകും. റിയാദിലെ ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിൽ ‘അൽ ശർഖിന്’ നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം അറിയിച്ചത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 13 ആയി ഉയരും. ഇത് വിനോദസഞ്ചാര ആവശ്യങ്ങൾക്കായുള്ള ആഭ്യന്തര വ്യോമഗതാഗതം വർധിപ്പിക്കും. ഈ വിമാനത്താവളങ്ങൾ പൂർത്തിയാകുന്നതോടെ സുൽത്താനേറ്റിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം 2040 ഓടെ 17 ദശലക്ഷത്തിൽനിന്ന് 50 ദശലക്ഷമായി ഉയരും. പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന പുതിയ ടെർമിനൽ മസ്കത്ത് വിമാനത്താവളത്തിൽ 2018ൽ തുറന്നിരുന്നു. സലാലയിലും പുതിയ ടെർമിനൽ യാഥാർഥ്യമാക്കി.
ഇവിടെ പ്രതിവർഷം രണ്ട് ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ട്. ഇതിനുപുറമെ ദുകമിലും സുഹാറിലും പുതിയ വിമാനത്താവളങ്ങളും സുൽത്താനേറ്റ് തുറക്കുകയുണ്ടായി.വിമാനത്താവളങ്ങൾക്കായി ബജറ്റിൽ തുക ഇതിനകം വകയിരുത്തിയിടുണ്ട്. പുതിയ വിമാനത്താവളങ്ങൾ കൂടുതൽ അന്താരാഷ്ട്ര ഗതാഗതം നേടുന്നതിന് സഹായിക്കും. സുഹാർ, സലാല എന്നീ വ്യാവസായിക മേഖലകളുമായി ബന്ധിപ്പിച്ച് ലോജിസ്റ്റിക്സ്, ടൂറിസം മേഖലകൾക്ക് ഉത്തേജനം നൽകുയും ചെയ്യും.