തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരത്തിന്‍റെ പലയിടങ്ങളും വെള്ളത്തിൽ മുങ്ങി. തന്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ വെള്ളക്കെട്ട് ഉണ്ടായി. വെള്ളക്കെട്ട് രൂക്ഷമായതോടെ പലയിടങ്ങളിലും ഗതാഗതവും തടസപ്പെട്ടു.
ചാല, പഴവങ്ങാടി, എസ്.എസ് കോവിൽ റോഡ് തുടങ്ങി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വരും മണിക്കൂറിൽ തെക്കൻ ജില്ലകളിൽ മഴ കനക്കുമെന്നും അടുത്ത 24 മണിക്കൂറിൽ കാലവർഷം സംസ്ഥാനത്ത് പ്രവേശിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ആമയിഴഞ്ചാൻ തോട് കരകവിഞ്ഞു. പഴവങ്ങാടി പവർ ഹൗസ് റോഡിലും വെള്ളക്കെട്ട് രൂക്ഷമായി. തേക്കും മൂട്, ഗൗരീശപട്ടം മേഖലകളിലും വെള്ളം കയറി. നൂറോളം വീടുകളും കടകളിലും വെള്ളം കയറി. ഇതോടെ ആളുകൾ വീട് ഒഴിയുകയാണ്. ചാലയിലും വെള്ളം കയറി.
കൊച്ചിയിലും വെള്ളക്കെട്ട് രൂക്ഷമാണ്. കളമശേരിയിലും ഇൻഫോപാർക്കിലും വെള്ളക്കെട്ട് ഉണ്ടായി. മൂലേപ്പാടത്ത് അന്പതോളം വീടുകളിൽ വെള്ളം കയറി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ട് രൂക്ഷമായി. പലയിടത്തും ഗതാഗതവും തടസപ്പെട്ടു.
നിരവധി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കൊല്ലത്ത് 8 ക്യാമ്പുകളിലായി 877 പേരെയും, തിരുവനതപുരടത്ത് 5 ക്യാമ്പുകളിലായി 31 പേരെയുമാണ് മാറ്റിപാർപ്പിച്ചത്. ശക്തി കൂടിയ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് നിലവിൽ മഴ ലഭിക്കുന്നത്. അടുത്ത 24 മണിക്കൂറിൽ കാലവർഷം കൂടി സംസ്ഥാനത്ത് പ്രവേശിക്കുന്നതോടെ മഴ കൂടുതൽ കനക്കാനാണ് സാധ്യത.