യാത്രക്കാരെ പച്ചയ്ക്ക് കത്തിക്കാന്‍ നോക്കിയ KSRTCക്കെതിരേ നടപടി എടുക്കാന്‍ വകുപ്പുമന്ത്രി ഗണേഷ്‌കുമാര്‍ തയ്യാറാകണം. യാത്രക്കാരുടെ ജീവന് യാതൊരു വിലയുമില്ലേ. KSRTC ഡ്രൈവറുടെയും കണ്ടക്ടറുടെയും ജീവന്‍ കത്തിച്ചാമ്പലായേനെ. ആരാണ് ഈ നടപടിക്കു പിന്നില്‍. ആരായാലും ആ ഉദ്യോഗസ്ഥനെതിരേ കര്‍ശ നടപടി എടുക്കുകയാണ് വേണ്ടത്. ഒരു നിമിഷം കൊണ്ട് കത്തിയമരുമായിരുന്ന KSRTCയുടെ ഗരുഡ സഞ്ചാരി വോള്‍വോ ബസില്‍ നിന്നും യാത്രക്കാരും ജീവനക്കാരും രക്ഷപ്പെട്ടത് എന്തോ ഭാഗ്യംകൊണ്ട്.
ഈ വിഷയം മന്ത്രി അറിഞ്ഞോ?. സര്‍വീസിനു പോകുന്നതിനു മുമ്പ് ബസ് ‘ഫുള്‍ ചെക്കപ്പ്’ നടത്തണമെന്നായിരുന്നല്ലോ മന്ത്രിയുടെ ഉത്തരവ്. എന്നിട്ടും എന്തേ വോള്‍വോ ബസ് നടു റോഡില്‍ നിന്നു കത്തിയത്. ജീവനക്കാരോട് പറയാനുള്ളത്, KSRTCയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ ‘എനിക്കും പറയാനുണ്ട്’ എന്ന പരിപാടിയിലൂടെ പറഞ്ഞു കൊടുക്കുന്ന മന്ത്രിക്ക് കഴിഞ്ഞ ദിവസം തൃശ്ശൂര്‍-തിരുവനന്തപുരം വോള്‍വോ ബസ് നിന്നു കത്തിയ സംഭവം അറിഞ്ഞില്ലെങ്കില്‍ പറഞ്ഞു തരാം.
സംഭവം ഇങ്ങനെ: രാത്രി 7.30ന് തൃശ്ശൂരില്‍ നിന്നും പുറപ്പെടുന്ന തൃശ്ശൂര്‍-തിരുവനന്തപുരം ഗരുഡ സഞ്ചാരി വോള്‍വോ-B7R ബസ് ( RA101-KKD) ഗുരുവായൂരില്‍ നിന്നും തൃശ്ശൂര്‍ സ്റ്റാന്റിലേക്ക് റിസര്‍വേഷന്‍ ചാര്‍ട്ടിലെ യാത്രക്കാരെ കയറ്റാന്‍ പോകുന്നു. തൃശ്ശൂര്‍ ബസ്റ്റാന്റില്‍ കയറുന്നതിനു തൊട്ടുമുമ്പ്, ബസിനു പുറകെവന്ന ബൈക്കുകാരന്‍ ബസിനു മുമ്പിലേക്ക് (ഡ്രൈവറുടെ ഭഗത്തേക്ക്) വേഗത്തില്‍ ഒടിച്ചുകയറ്റിയ ശേഷം ‘ ബസിന്റെ പുറകു വശം പുകയുന്നുണ്ട്’ എന്നു പറയുന്നു. പെട്ടെന്നു തന്നെ ബസ് സൈഡിലേക്ക് ഒതുക്കി ബസ് ജീവനക്കാര്‍ പുറത്തിറങ്ങി. എഞ്ചിന്‍ ഭാഗത്തു നിന്നുമായിരുന്നു തീ ഉയര്‍ന്നത്.
ഉടനെ തൃശ്ശൂര്‍ ഡിപ്പോയുമായി ബന്ധപ്പെട്ട് ബസ് വര്‍ക്ക്‌ഷോപ്പിലേക്കു മാറ്റി. റിസര്‍വ് ചെയ്തിരുന്ന യാത്രക്കാരെ മറ്റു ബസുകളില്‍ കയറ്റി വിടുകയും ചെയ്തു. തുടര്‍ന്ന് ബസിന്റെ കംപ്ലെയിന്റ് എന്താണെന്ന് പരിശോധനയായി. ബസിന്റെ റേഡിയേറ്ററില്‍ വെള്ളവുമില്ല, ഓയില്‍ ലീക്കും ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. തീ പിടിച്ച ബസുമായി സര്‍വീസ്(യാത്രക്കാരെ കയറ്റി) നടത്താന്‍ ജീവനക്കാരും ഒരുക്കമല്ലായിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള വോള്‍വോ ബസായതിനാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് തിരുവനന്തപുരത്തെ സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പിലാണ്. അതിനാല്‍ ബസ് തിരുവനന്തപുരത്ത് എത്തിക്കുകയും വേണം.
അപ്പോള്‍ ‘ഡെത്ത് സര്‍വീസായി’ (യാത്രക്കാരില്ലാതെ) കൊണ്ടു പോകാമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യം തൃശ്ശൂര്‍ഡിപ്പോയിലെ ചാര്‍ജ്ജ്മാന്‍ തിരുവനന്തപുരത്ത് ഡി.ഇയെ(ഡെപ്യൂട്ടി എഞ്ചിനീയര്‍) വിളിച്ചറിയിച്ചു. എന്നാല്‍, തിരുവനന്തപുരത്തു നിന്നു ലഭിച്ചത് വിചിത്രമായൊരു നിര്‍ദ്ദേശമായിരുന്നു. തീ കത്തിയ ബസ് ‘ഡെത്ത് സര്‍വ്വീസ്’ ആയല്ലാതെ സര്‍വ്വീസായി (യാത്രക്കാരെ കയറ്റി) കൊണ്ടുവരണം എന്നായിരുന്നു നിര്‍ദ്ദേശം. ആ നിര്‍ദ്ദേശം കേട്ട് ബസ് ജീവനക്കാര്‍ ഞെട്ടി. ചാര്‍ജ്ജ്മാന്‍ തന്നോട് പറഞ്ഞ കാര്യം ബസ് ജീവനക്കാരോട് പറഞ്ഞ് തലയൂരുകയും ചെയ്തു.
തുടര്‍ന്ന് മനസ്സില്ലാ മനസ്സോടെ ജീവനക്കാര്‍ ബസ് ഇറക്കി. പൂര്‍ണ്ണ വിശ്വാസമില്ലാതെയാണെങ്കിലും തിരുവനന്തപുരം ബോര്‍ഡ് വെച്ച് തന്നെയാണ് ബസ് ഓടിച്ചതും. ബസിന്റെ ബോര്‍ഡ് കണ്ട് വഴിയില്‍ നിന്നും യാത്രക്കാര്‍ കയറുകയും ചെയ്തു. ഇതില്‍ തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്ത മൂന്ന് യാത്രക്കാരും ഉണ്ടായിരുന്നു. ബസ് ചാലക്കുടി എത്തുമ്പോള്‍ സമയം 9.15. മുരിങ്ങൂരില്‍ വെച്ച് ബസിനു പുറകില്‍ സഞ്ചരിച്ച ഒരു വാഹനം വേഗത്തില്‍ ഡ്രൈവറുടെ ഭാഗത്തേക്കെത്തി ബസിന് തീ പിടിച്ചെന്നു പറയുമ്പോള്‍ പിന്‍ ഭാഗം പൂര്‍ണ്ണമായും തീ വിഴുങ്ങിയിരുന്നു.
വേഗത്തില്‍ അതിലുണ്ടായിരുന്ന യാത്രക്കാരെയെല്ലാം പുറത്തിറക്കി, ജീവനക്കാരും പുറത്തിറങ്ങി. തൃശ്ശൂരില്‍ വെച്ച് പുകഞ്ഞിരുന്ന ബസ് മുരിങ്ങൂരിലെത്തിയപ്പോള്‍ തീയായി ആളിപ്പടരുകയാണ് ചെയ്തത്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമുണ്ട്. ‘600 ലിറ്റര്‍ ഡീസല്‍ നിറച്ചിരുന്ന വോള്‍വോ ബസിന്റെ എഞ്ചിനില്‍ തീ പടര്‍ന്നത് അത്ര നിസ്സാരമായി തള്ളിക്കളയാനാവില്ല എന്നതാണ് പ്രശ്‌നം’. മാത്രമല്ല, ബസ് എസി ആയതിനാല്‍ എല്ലാ ജനാലകളും അടച്ചിട്ടുണ്ടായിരുന്നു. ബസിനുള്ളില്‍ വേഗത്തില്‍ തീ പടര്‍ന്നു പിടിക്കുകയോ, ഡിസലില്‍ തീ പിടിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ യാത്രക്കാരും ബസ് ജീവനക്കാരും വെന്തു മരിക്കുമായിരുന്നു.
ഭാഗ്യം രണ്ടാമതും കാത്തു. പുറത്തിറങ്ങിയ ജീവനക്കാര്‍ ബസിലുണ്ടായിരുന്ന ഫര്‍ എക്സ്റ്റിംങ് ഗുഷര്‍ കൊണ്ട് തീയണയ്ക്കാന്‍ വിഫല ശ്രമം നടത്തി. എക്‌പെയറി ഡേറ്റ് പോലും വ്യക്തമല്ലാത്ത എക്‌സ്റ്റിംങ് ഗുഷര്‍ നേരെ ചൊവ്വേ പ്രവര്‍ത്തിച്ചതുമില്ല. ബസിനെ തീ പൂര്‍ണ്ണമായും വിഴുങ്ങുമെന്ന അവസ്ഥ ഉണ്ടാകുമെന്നു കണ്ട്, ജീവനക്കാരും യാത്രക്കാരും അടുത്തുള്ള കടയിലും, വീടുകളില്‍ നിന്നും ബക്കറ്റില്‍ വെള്ളമെടുത്തു തീയണയക്കാന്‍ നോക്കി.
കാര്യങ്ങള്‍ കൈവിട്ടു പോയതോടെ ഫയര്‍ഫോഴ്‌സില്‍ വിളിച്ചു. അവരെത്തി തീയണച്ച് വലിയൊരു ദുരന്തം ഒഴിവാക്കി. തുടര്‍ന്ന് KSRTCയുടെ ക്രൂ എത്തി ചാലക്കുടി ഡിപ്പോയിലേക്ക് ബസ് കെട്ടിവലിച്ചു കൊണ്ട് പോവുകയായിരുന്നു. ഇവിടെ ഒരു വലിയ അപകടം ഒഴിവായതിന്റെ സന്തോഷം മറച്ചു വെയ്ക്കുന്നില്ല. മാത്രമല്ല, യാത്രക്കാരും തുലോം കുറവായിരുന്നതും ആശ്വാസമാണ്. എന്നാല്‍, KSRTCയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാതെ വയ്യ.
1) ഡെഡ് സര്‍വ്വീസായി ബസ് തിരുവനന്തപുരത്തേക്ക് കൊണ്ടു വരേണ്ടതിന്, യാത്രക്കാരെ കയറ്റി സര്‍വ്വീസാക്കി മാറ്റാന്‍ തീരുമാനിച്ചതെന്തിന്.
2) 600 ലിറ്റര്‍ ഡീസലില്‍ തീ പിടിച്ചിരുന്നുവെങ്കില്‍ സംഭവിക്കുമായിരുന്നത്, സംസ്ഥാന ദുരന്തത്തിനു സമാനമായ അപകടമായിരുന്നു.
3) ബസിന്റെ കണ്ടീഷന്‍ പൂര്‍ണ്ണമായും ചെക്ക് ചെയ്തിട്ട് മാത്രമേ സര്‍വ്വീസിന് ഇറക്കാവൂ എന്ന മന്ത്രിയുടെ വാക്കുകള്‍ ആരാണ് ലംഘിച്ചത്.
4) മന്ത്രിയുടെ വാക്കിന് പുല്ലുവിലയാണ് കല്‍പ്പിക്കുന്നതെന്ന് ഈ സംഭവം തെളിയിക്കുന്നുണ്ട്.
5) ഈ ബസില്‍ റിസര്‍വ്വേഷന്‍ ഫുള്‍ ആയിട്ട് സര്‍വ്വീസ് നടത്തുമ്പോഴാണ് അപകടം സംഭവിച്ചിരുന്നെങ്കില്‍ ആരാണ് ഉത്തരവാദി.
6) ഒരിക്കല്‍ തീ പിടിച്ച ബസില്‍ യാത്രക്കാരെ കയറ്റി സര്‍വ്വീസ് നടത്തണണെന്ന് നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥന്‍ എന്താണ് ഉദ്ദേശിച്ചത്.
7) രണ്ടാമത്തെ തവണ തീ പടര്‍ന്നപ്പോള്‍ വിജനമായ റോഡായിരുന്നുവെങ്കില്‍ സംഭവിക്കുന്നത് വലിയ ദുരന്തമായിരുന്നു. അതിനുത്തരവാദി ആരാണ്
8) എസി. ബസിലെ ഫയര്‍ എക്സ്റ്റിംങ് ഗുഷര്‍ കാലപ്പഴക്കം ചെന്നതാണോയെന്ന പരിശോധന നടത്താറുണ്ടോ.
ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്കാണ് മന്ത്രിയും മന്ത്രിയുടെ വകുപ്പിലെ ഉദ്യോഗസ്ഥരും മറുപടി പറയേണ്ടത്. ഇതിനൊക്കെ മറുപടി പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ചോദ്യങ്ങള്‍ അങ്ങനെതന്നെ നിലനില്‍ക്കും. ഈ ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടി നിങ്ങള്‍ എത്തുന്നത്, മറ്റൊരു വലിയ പ്രശ്‌നത്തിലായിരിക്കുമെന്ന് മറക്കണ്ട.