അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തെക്കുറിച്ച് കേൾക്കാത്തവർ ഉണ്ടാകുമോ? അതേ കേരളത്തിലെ അതിപ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. തെക്കൻ ഗുരുവായൂർ എന്നുകൂടി ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ചരിത്ര പ്രാധാന്യമുള്ള ഈ ക്ഷേത്രം ആലപ്പുഴ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ശ്രീകൃഷ്ണന്റെ പ്രതിഷ്ഠയ്ക്കും വലിയൊരു പ്രത്യേകതയുണ്ട്. പാർത്ഥസാരഥി സങ്കൽപ്പത്തിൽ വലതു കൈയിൽ ചമ്മട്ടിയും ഇടതു കൈയിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പരബ്രഹ്മ സ്വരൂപനായ ശ്രീകൃഷ്ണ ഭഗവാൻറെ പ്രതിഷ്ഠയാണ് ഇവിടുത്തെ പ്രത്യേകത. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നതിൽ ഈ വിഗ്രഹത്തിന് വളരെയധികം പങ്കുണ്ട്. എന്നാൽ, പ്രതിഷ്ഠയ്ക്ക് ഗോശാലകൃഷ്ണന്റെ ഭാവവും സങ്കല്പിച്ചുവരുന്നു. ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവരെയും വെച്ച് ആരാധിക്കുന്നു.
തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്‍ഞാതാവ് കുഞ്ചൻ നമ്പ്യരുടെ ജന്മദേശമെന്ന നിലയിലും ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായിരുന്ന കുഞ്ചൻ നമ്പ്യാർ. ക്ഷേത്രത്തിൽ നടന്ന ചാക്യാർകൂത്തിനിടെ നമ്പ്യാർ ഉറങ്ങുന്നതും പിന്നീട് ഓട്ടൻതുള്ളലുമായി എത്തുന്നുതും അടക്കം ഐതീഹ്യങ്ങളുടെ നാടുകൂടിയാണ് അമ്പലപ്പുഴ.
ക്രിസ്തു വർഷം 1545-ലാണ് അമ്പലപ്പുഴയിൽ ഈ ക്ഷേത്രം നിർമ്മിക്കപ്പെടുന്നത്. പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി പൂരാടം തിരുനാൾ ദേവനാരായണനാണ് ക്ഷേത്രം പണി കഴിപ്പിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം. മീനമാസത്തിൽ തിരുവോണം ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് അമ്പലപ്പുഴയിൽ നടത്താറുള്ളത്. ഇവയിൽ ഒമ്പതാം ദിവസമാണ് ഏറ്റവും വിശേഷം. കൂടാതെ അഷ്ടമിരോഹിണി, വിഷു എന്നിവയും ഇവിടുത്തെ വിശേഷമാണ്.
ചമ്പക്കുളം വള്ളംകളി
ചെമ്പകശ്ശേരി പൂരാടം തിരുനാൾ ദേവനാരായണൻ തമ്പുരാനാണ് ക്ഷേത്രം പണികഴിപ്പിച്ചത്. കരിങ്കുളം ക്ഷേത്രത്തിൽ നിന്ന് അമ്പലപ്പുഴയിലേക്ക് വിഗ്രഹം എത്തിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ആന്ന് ആഘോഷപൂർവം വിഗ്രഹം വഞ്ചിയിലെത്തിച്ചതിന്റെ ഓർമ്മ പുതുക്കാനാണ് ചമ്പക്കുളം വള്ളംകളി നടത്തുന്നത്. എല്ലാ വർഷവും മലയാളമാസം മിഥുനത്തിലെ മൂലം നാളിലാണ് ജലോത്സവം നടത്തുന്നത്.
ആറന്മുള കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ചമ്പക്കുളം വള്ളംകളി. കേരളത്തിലെ വള്ളംകളി മത്സരങ്ങളുടെ സീസൺ ആരംഭിക്കുന്നത് ചമ്പക്കുളം വള്ളംകളി മത്സരത്തോടെയാണ്. ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം ഗ്രാമത്തിലൂടെ ഒഴുകുന്ന പമ്പയാറിൽ നൂറുകണക്കിന് ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കാനെത്തുക. ജൂൺ / ജൂലൈ മാസങ്ങളിൽ നടക്കുന്ന ഈ ജലോത്സവത്തിനു സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തുക. വഞ്ചിപ്പാട്ടുകളുടെ താളത്തിനൊപ്പിച്ച് പമ്പയിലെ ഓളങ്ങൾ കീറിമുറിച്ചു മുന്നേറുന്ന ചുണ്ടൻ വള്ളങ്ങൾ ആവേശം നിറയ്ക്കുന്ന കാഴ്ച്ചയാണ്.
ഗുരുവായൂർ ക്ഷേത്രവുമായുള്ള ബന്ധം
1789ൽ ടിപ്പുസുൽത്താന്റെ ആക്രമണത്തെ ഭയന്ന് ഗുരുവായൂരിലെ ശ്രീകൃഷ്ണ വിഗ്രഹം അമ്പലപ്പുഴ ക്ഷേത്രത്തിലാണ് സുരക്ഷിതമായി സൂക്ഷിച്ചത്. കുറച്ചുനാൾ പിന്നീട് ഇവിടെയായിരുന്നു പൂജകൾ നടത്തിയിരുന്നത്. അതിനുശേഷം ആണ് അമ്പലപ്പുഴ ക്ഷേത്രം തെക്കൻ ഗുരുവായൂർ എന്ന് അറിയപ്പെടാൻ തുടങ്ങിയത്.
പന്ത്രണ്ടു കളഭം
മകരം ഒന്നു മുതൽ പന്ത്രണ്ടുവരെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടത്തുന്ന പ്രധാന അനുഷ്ഠാനങ്ങളിൽ ഒന്നാണ് പന്ത്രണ്ടു കളഭം. ചെമ്പകശ്ശേരി രാജാവ് തുടങ്ങിയ ഈ ഒരു അനുഷ്ഠാനം ഇന്നു പന്ത്രണ്ടു കളഭം മഹോത്സവമായി ആഘോഷിക്കുന്നു. സ്ത്രീകൾ മംഗല്യഭാഗ്യത്തിനും വിവാഹം കഴിഞ്ഞവർ ദീർഘമാംഗല്യത്തിനും പന്ത്രണ്ട് കളഭ ദിവസം ക്ഷേത്രദർശനം നടത്തുന്നത് വഴിയൊരുക്കുമെന്നാണ് വിശ്വാസം.
ചെമ്പകശ്ശേരി രാജ്യത്തുണ്ടായ അനിഷ്ടങ്ങൾ പലതും നാടുവാഴുന്ന രാജാവിനു വന്ന ധർമലോപമാണെന്നും അതിന്റെ പരിഹാരമായാണ് ക്ഷേത്രത്തിൽ പന്ത്രണ്ടു കളഭം തുടങ്ങിയത് എന്നും പറയുന്നു. എന്നാൽ രാജാവിനു ലഭിച്ച സ്വപ്ന ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് കളഭാഭിഷേകം തുടങ്ങിയത് എന്ന് മറ്റൊരു ഐതിഹ്യവും നിലനിൽക്കുന്നു.
രാവിലെ കളഭാഭിഷേകവും കളഭച്ചാർത്തും നടക്കും. വൈകിട്ട് വിളക്കെഴുന്നെള്ളിപ്പ് നടക്കുന്നു. പന്ത്രണ്ടു വിളക്ക് എന്നാണിതറിയപ്പെടുന്നത്. പന്ത്രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഈ കളഭദർശനം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപവും മുറജപവും കണ്ടു തൊഴുന്നതിനു തുല്യമാണ് എന്നു പറയുന്നു. ഇതു കൂടാതെ ദേവന്റെയും അവിടെ കുടിയിരിക്കുന്ന ഭക്തരുടെയും മനസ്സിലെ പാപമാലിന്യങ്ങൾ കഴുകി കളയുന്നു എന്നു മറ്റൊരു വിശ്വാസം കൂടി ഉണ്ട്.
ദേവചൈതന്യം വർധിക്കുന്നതിനു വേണ്ടിയാണ് എല്ലാ വർഷവും പന്ത്രണ്ടു കളഭം നടക്കുന്നത്. വേലകളിയുടെയും പള്ളിപ്പാനയുടെയും ഉത്ഭവവും ഈ ക്ഷേത്രത്തിൽ നിന്നാണ്. പന്ത്രണ്ടാവർത്തിയാകുമ്പോഴാണ് ഒരു പള്ളിപ്പാന നടക്കുന്നത്. ദേവനുണ്ടാകുന്ന ശക്തിക്ഷയത്തിനു പരിഹാരമായി നടത്തുന്ന അനുഷ്ഠാനമാണ് പള്ളിപ്പാന. പന്ത്രണ്ടു പള്ളിപ്പാന നടന്നു കഴിഞ്ഞാൽ വിജയബലി നടക്കണം എന്നും ഉണ്ട്. ദേവപ്രീതിക്കുവേണ്ടി നടത്തുന്ന ഈ കർമ്മം മൂന്നു തലമുറയിൽപ്പെട്ട ഒരാൾക്കു മാത്രമേ ദർശിക്കാൻ കഴിയുവുള്ളു എന്നതാണ് ഈ ബലികർമത്തിന്റെ പ്രത്യേകത.
അമ്പലപ്പുഴ പാൽപായസത്തിന്റെ ഐതീഹ്യം
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ നിവേദ്യമാണ് അമ്പലപ്പുഴ പാൽപ്പായസം. അമ്പലപ്പുഴ പണ്ട് ചെമ്പകശ്ശേരി എന്നാണ് അറിയപ്പെട്ടിരുന്നത്. സൈനിക ചെലവിന് വേണ്ടി ഒരിക്കൽ ചെമ്പകശ്ശേരി രാജാവ് തമിഴ് ബ്രാഹ്മണനിൽ നിന്നും കുറെ നെല്ല് വായ്പ വാങ്ങി. എന്നാൽ രാജാവിന് അത് തിരിച്ചടക്കാൻ സാധിച്ചില്ല. മുതലും കൂട്ടുപലിശയും വർദ്ധിച്ചതോടെ കടം തീർക്കാൻ ബ്രാഹ്മണൻ രാജാവിനോട് ആവശ്യപ്പെട്ടു.
അമ്പലപ്പുഴ ക്ഷേത്രത്തിലെത്തിയ രാജാവിനോട് തൻറെ കടം തീർക്കാതെ അകത്തു കടക്കരുത് എന്ന് ബ്രാഹ്മണൻ വിളിച്ചുപറഞ്ഞു. വിഷമിച്ചു എന്ന രാജാവിനെ മന്ത്രി കണ്ടു. ഉടൻതന്നെ മന്ത്രി നാട്ടുകാരിൽ നിന്ന് നെല്ല് കടമായി വാങ്ങി. വാങ്ങിയ നെല്ലെല്ലാം മന്ത്രി ആനക്കൊട്ടിലിൽ കൂട്ടി. പിന്നാലെ ഉച്ച ശീവേലയ്ക്ക് മുൻപ് ആ നെല്ല് എല്ലാം അവിടെ നിന്ന് മാറ്റണമെന്ന് മന്ത്രി ബ്രാഹ്മണന് നിർദ്ദേശം നൽകി. എന്നാൽ നെല്ല് ചുമക്കാൻ ചുമട്ടുകാരോ വള്ളക്കാരോ ഉണ്ടായിരുന്നില്ല. ഇവരെല്ലാം മന്ത്രിയുടെ രഹസ്യനിർദ്ദേശത്തെ തുടർന്ന് മാറിനിന്നതായിരുന്നു. മന്ത്രി നിർദ്ദേശിച്ചത് പ്രകാരം ഉച്ച ശീവേലയ്ക്ക് മുൻപ് നെല്ല് മാറ്റാൻ കഴിയാതെ വന്നതോടെ, നെല്ല് ശ്രീകൃഷ്ണസ്വാമിക്ക് വഴിപാടായി സമർപ്പിച്ചു. ഇതിൻറെ പലിശകൊണ്ട് നിത്യേന ശ്രീകൃഷ്ണസ്വാമിക്ക് പാൽപ്പായസം നിവേദ്യം നടക്കട്ടെ എന്നും ബ്രാഹ്മണൻ പറഞ്ഞു. ഇതാണ് ഒരു ഐതിഹ്യം.
അമ്പലപ്പുഴ പാൽപ്പായസവുമായി ചെമ്പകശ്ശേരി രാജാവിൻറെ ചതുരം കളിയെ ബന്ധപ്പെടുത്തി ഒരു ഐതിഹ്യമുണ്ട്. രാജാ ഒരിക്കൽ തന്നെ ചതുരംഗത്തിൽ തോൽപ്പിക്കാൻ ഒരു സാധു മനുഷ്യനെ വെല്ലുവിളിച്ചു. രാജാവ് തോൽക്കുന്ന പക്ഷം 64 കളങ്ങളുള്ള ചതുരംഗ പലകയിൽ ഒന്നാമത്തേതിൽ ഒരു നെന്മണി, രണ്ടാമത്തേതിൽ രണ്ട്, മൂന്നാമത്തേതിൽ നാല് ഇങ്ങനെ ഇരട്ടപ്പെരുക്കത്തിൽ 64 കളങ്ങളും പൂർത്തിയാക്കിക്കിട്ടുന്ന നെല്ല് തരണമെന്ന് സാധു മനുഷ്യൻ പന്തയം വെച്ചു. കളങ്ങളിൽ പകുതി ആകുന്നതിനു മുൻപുതന്നെ അളവു മതിയാക്കേണ്ടിവന്നു. തനിക്ക് പന്തയ നെല്ല് കൊടുത്തുതീര്‍ക്കുവാൻ കഴിയില്ലെന്ന് മനസിലാക്കിയതോടെ രാജാവിൻ്റെ അഹങ്കാരം ശമിച്ചു. സാധുവായ മനുഷ്യൻ്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ സാക്ഷാൽ ശ്രീകൃഷ്ണനെയാണ് രാജാവിന് കാണാൻ സാധിച്ചത്. ക്ഷമ ചോദിച്ച രാജാവിനോട് ‘പന്തയം തീർന്നു; ദിവസം തോറും എനിക്കു പാൽപ്പായസം നിവേദിച്ചു കടം വീട്ടുക’ എന്ന് കൃഷ്ണൻ അരുൾ ചെയ്തു.