ഹജ്ജ് വേളയിൽ മക്ക-മദീന അതിവേഗ ട്രെയിനിൽ സീറ്റുകളുടെ എണ്ണം 16 ലക്ഷമായി വർധിപ്പിക്കുമെന്ന് സൗദി റെയിൽവേ അറിയിച്ചു. അതിനായി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ ഹജ്ജ് സീസണിൽ ഒരു ലക്ഷം സീറ്റുകൾ അധികമായി അനുവദിക്കും. മുൻ വർഷത്തേക്കാൾ 430 ലധികം സർവീസുകളാണ് കൂടുതലായി ഉൾപ്പെടുത്തുക.
ഈ വർഷത്തെ ഹജ്ജ് ഓപ്പറേഷൻ പ്ലാൻ അനുസരിച്ച് ദുൽഖഅദ് മുതൽ ദുൽഹിജ്ജ 19 വരെ 3800 ലധികം സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. തിരക്കേറിയ ദിവസങ്ങളിൽ 126 സർവീസുകൾ വരെ നടത്തും. മക്ക മുതൽ മദീന വരെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ അഞ്ച് സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ട് 453 കിലോമീറ്റർ ദൈർഘ്യത്തിലാണ് മക്ക-മദീന അതിവേഗ റെയിൽ പാത.
മണിക്കൂറിൽ പരമാവധി 300 കിലോമീറ്റർ വരെ വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുന്നത്. ഇത്തവണ ആദ്യമായി ജിദ്ദ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ ഹാജിമാരും മക്കയിലേക്ക് ഹറമൈൻ ട്രെയിനിൽ യാത്ര ചെയ്തു. മുംബൈ എംബാർക്കേഷൻ പോയിന്റിൽ നിന്നെത്തിയ ഹാജിമാരാണ് ആദ്യമായി ജിദ്ദ വിമാനത്താവളത്തിൽനിന്ന് മക്കയിലേക്ക് യാത്ര ചെയ്തത്.