കാലവർഷം നേരത്തെ എത്തിയ മട്ടാണ്. യാത്ര അത്രമേൽ ആഘോഷിച്ചു പോകുവാൻ ഉതകുന്ന സമയം കൂടിയാണ് മഴക്കാലം. പക്ഷെ എവിടേക്ക് പോകുമെന്ന സംശയം ബാക്കിയാകുന്നില്ലേ? ഇതാ, മഴക്കാല യാത്രകൾ കൂടുതൽ മനോഹരമാക്കുവാൻ കർണ്ണാടക ഒരുങ്ങി കഴിഞ്ഞു. വെറുമൊരു യാത്രയല്ല, പ്രകൃതിയും നാടും രുചികളും അറിഞ്ഞ് പുതിയ ആളുകളെ പരിചയപ്പെട്ട്, പുതിയ വഴികളിലൂടെയുള്ള ഒരു യാത്ര. കർണ്ണാടകയിൽ മഴക്കാലത്ത് ആസ്വദിക്കുവാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങൾ ഇതാ. ഇവിടുത്തെ മറ്റൊരു പ്രത്യകത, ജൂണിൽ തുടങ്ങുന്ന മഴ ന്നത്. ഏകദേശം സെപ്റ്റംബർ വരെ നീണ്ടു നിൽക്കും. അതിനാൽ തന്നെ കാലാവസ്ഥയും ഏറെക്കുറെ തണുപ്പും മഞ്ഞുമൊക്കെ ആയിരിക്കും
കൂർഗ്
മഴക്കാലത്തിന്‍റെ ഭംഗിയും പച്ചപ്പിന്‍റെ കാഴ്ചകളും ഒക്കെയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളെത്തുന്ന സ്ഥലമാണ് കൂർഗ്. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായി സ്ഥിതി ചെയ്യുന്ന കൂർഗിൽ വർഷത്തിൽ എപ്പോൾ വേണമെങ്കിലും വരാമെങ്കിലും മഴക്കാലത്താണ് ഇതിന്റെ ഭംഗി പൂർണ്ണമായും പുറത്തുവരിക.
മഴക്കാലത്ത് ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്. ബാരാപോൾ നദിയിലെ റാഫ്ടിങ്, വൈകുന്നേരങ്ങളിൽ നദിയിലെ മീൻപിടുത്തം, സുവർണ്ണ ക്ഷേത്രത്തിലേക്കുള്ള യാത്ര, ദുബാരെ എലിഫന്‍റ് ക്യാംപ് സന്ദർശനം, ക്യാംപിങ് എന്നിങ്ങനെ ഇവിടെ എണ്ണമില്ലാത്തത്രയും കാര്യങ്ങൾ മഴക്കാല യാത്രയിൽ ആസ്വദിക്കാനുണ്ട്. ഇരുപ്പു വെള്ളച്ചാട്ടം, ആബെ വെള്ളച്ചാട്ടം തുടങ്ങിയ വെള്ളച്ചാട്ടങ്ങളിലേക്കുള്ള യാത്രയും ഇവിടുത്തെ ആകർഷണമാണ്.
ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഹംപി
ചരിത്രത്തിലെ ഏതോ ഒരു കാലഘട്ടത്തിലേക്ക് വാതിൽ തുറക്കുന്ന സ്ഥലമാണ് ഹംപി. വിജയനഗര രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന ഹംപി ഇന്നും ഇന്നലെകളിൽ ജീവിക്കുന്ന നാടാണ്. കല്ലിൽകെട്ടിയുയര്‍ത്തിയ ക്ഷേത്രങ്ങളും കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങളും നിറഞ്ഞ ഇവിടം യുനസ്കോയുടെ പൈതൃക ചരിത്രസ്ഥാനങ്ങളിലും ഇടംനേടിയിട്ടുണ്ട്. പാറക്കല്ലുകൾ നിറഞ്ഞ ഇവിടേക്ക് തണുപ്പുള്ള സമയത്തെ യാത്രയാണ് മികച്ചത്. മഴക്കാലങ്ങളിൽ വ്യത്യസ്തമായ കുറേ കാഴ്ചകൾ ഇവിടെ കാണാം.
ആഗുംബെയിലെ മഴക്കാടുകളിലേക്ക് പോകാം
പച്ചപ്പും കുളിരും നിറഞ്ഞുകിടക്കുന്ന കാടിനു നടുവിലായി സ്ഥിതി ചെയ്യുന്ന ആംഗുംബെ കർണ്ണാടകയുടെ മലനാട് ഭാഗത്താണുള്ളത്. ഇന്ത്യയിലെ ഏറ്റവും നനവാർന്ന പ്രദേശങ്ങളിലൊന്നായ ഇവിടെ മഴക്കാലത്ത് നിലയ്ക്കാത്ത മഴയാണ് പ്രതീക്ഷിക്കേണ്ടത്. പച്ചപ്പ് നിറഞ്ഞു നില്‌ക്കുന്ന ഇവിടെ കാടുകളും വെള്ളച്ചാട്ടങ്ങളും ചരിത്രയിടങ്ങളുമാണ് അധികവും കാണുവാനുള്ളത്. ഇന്ത്യയിലെ ഏക റെയിൻഫോറസ്റ്റ് റിസർച്ച് സ്റ്റേഷനും ഇവിടെത്തന്നെയാണുള്ളത്.
ചിക്കമഗളുരു
മഴ ആസ്വദിച്ച് കർണ്ണാടകയിലെ റോഡുകളിലൂടെ ഒരു യാത്ര പോകുവാൻ ആഗ്രഹമുണ്ടെങ്കില്‍ ചിക്കമഗളുരു തിരഞ്ഞെടുക്കാം. ഇവിടുത്തെ മഴയാത്രകൾ വേറൊരു സ്ഥലത്തിനും നല്കുവാൻ കഴിയാത്ത സന്തോഷമാണ് നല്കുന്നത്. വെള്ളച്ചാട്ടങ്ങൾ, കാടുകൾ, ഘാട്ട് റോഡുകൾ എന്നിങ്ങനെ ആസ്വദിക്കാനായി ഒരുപാട് കാര്യങ്ങളുണ്ട്. ട്രക്കിങ്ങ് താല്പര്യമുള്ളവർക്കും മഴക്കാലത്ത് ഇവിടേക്ക് വരാം.
കൊടചാദ്രി
കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ ട്രക്കിങ് ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് കൊടചാദ്രി. വർഷത്തില്‍ എപ്പോൾ വേണമെങ്കിലും ഇവിടേക്ക് വരാമെങ്കിലും മഴക്കാലത്തെ ഇതിന്റെ ഭംഗി വേറെതന്നെയാണ്. കൊല്ലൂർ ക്ഷേത്രം, കൊടചാദ്രി മലനിരകള്‍ എന്നിവയാണ് ഇവിടെ കാണാനുള്ളത്. ബയോഡൈവേഴ്സറ്റി ഹോട്ട്സ്പോട്ടുകളിലൊന്നായ ഇവിടെ അതിമനോഹരമായ കാഴ്ചകളും വ്യൂ പോയിന്‍റുകളുമുണ്ട്. മഴക്കോട്ടിട്ട്, കുന്നുകൾ കയറി, വെള്ളച്ചാട്ടങ്ങൾ കണ്ടുള്ള യാത്ര രസകരമാണ്.
ബല്ലാലരായന ദുർഗാ കോട്ട
പന്ത്രണ്ടാം നൂറ്റാണ്ടിൽ ഹൊയ്‌സാല സാമ്രാജ്യത്തിലെ രാജാവായിരുന്ന വീര ബല്ലാലയുടെ പത്നി നിർമ്മിച്ച കോട്ടയുടെ കാഴ്ചകൾ കണ്ടുള്ള യാത്രയാണ് ബല്ലാലരായന ദുർഗാ കോട്ടയിലേക്കുള്ളത്. മഴക്കാടുകൾ, പുൽമേടുകൾ. അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ കാണാം. മഴക്കാലങ്ങളിൽ ചുറ്റുമുള്ള ലോകത്തിൽ നിന്നെല്ലാം മാറി നിൽക്കുന്ന, പ്രകൃതിയോട് അടുത്തുള്ള ഇടമായാണ് ഇത് കാണപ്പെടുന്നത്. കുദ്രേമുഖ്. ചാർമാടി തുടങ്ങിയവ ഇവിടെ നിന്നാൽ കാണാം.