Kerala

പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധം, വിമർശിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസുകാരന് സസ്‌പെൻഷൻ

മുഖ്യമന്ത്രിക്ക് അനുമതിയില്ലാതെ കത്തയച്ചതിന് ഇയാൾക്കെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു

കോഴിക്കോട് : ആഭ്യന്തര വകുപ്പിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധത്തെ വിമർശിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസുകാരന് സസ്‌പെൻഷൻ. കോഴിക്കോട് സ്വദേശിയും പത്തനംതിട്ട ആറന്മുള സ്റ്റേഷനിലെ സീനിയർ സിപിഒയുമായ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. മേലുദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. ഉമേഷ് സർവീസിൽ നേരിടുന്ന മൂന്നാമത്തെ സസ്‌പെൻഷനാണിത്. മുമ്പും ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നു സസ്‌പെൻഷൻ.

മുഖ്യമന്ത്രിക്ക് അനുമതിയില്ലാതെ കത്തയച്ചതിന് ഇയാൾക്കെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. നടപടി വേഗത്തിലാക്കാൻ സ്റ്റേറ്റ് പൊലീസ് മോണിറ്ററിംഗ് റൂം വിവരങ്ങൾ ശേഖരിക്കുകയും ചെയ്‌തിരുന്നു. പത്തനംതിട്ടയിൽ നിന്നും കോഴിക്കോട് നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്.

ഗുണ്ടയുടെ വീട്ടിൽ വിരുന്നിനുപോയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിൽ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഉമേഷ് മുഖ്യമന്ത്രിക്ക് മെയിൽ അയച്ചത്. കുറച്ച് ദിവസമായി ഈ മെയിൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. അവസാനത്തെ ഗുണ്ടാ വിരുന്നല്ല നടന്നതെന്നും ഇത്തരത്തിലുള്ള നിരവധിപേർ സേനയ്‌ക്കകത്തുണ്ടെന്ന് ഡിജിപിയോ മുഖ്യമന്ത്രിയോ അറിയുന്നില്ലെന്നും കത്തിൽ പറഞ്ഞിരുന്നു.

കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്‌ത കഞ്ചാവ് കേസ് പ്രതിയെ, കോടതിയിൽ ഹാജരാക്കാതെ വീട്ടിലേക്ക് പറഞ്ഞുവിട്ട ഉദ്യോഗസ്ഥർക്ക് കീഴിലാണ് താൻ ജോലി ചെയ്യുന്നത്. വകുപ്പിലെ ആത്മഹത്യകളുടെ പെരുപ്പം മുഖ്യമന്ത്രി അറിയുന്നുണ്ടോ എന്നും കത്തിൽ ചോദിച്ചിരുന്നു.