മനുഷ്യന്റെ ശരീരത്തില്‍ എന്തൊക്കെ അവയവമുണ്ടെന്ന്, ശരാശരി ഒരു മനുഷ്യന്‍ ചിന്തിക്കില്ല. എന്നാല്‍, മെഡിക്കല്‍ ഫീല്‍ഡുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഡോക്ടര്‍മാര്‍ തൊട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു വരെ ഇതേക്കുറിച്ച് നല്ല ഗ്രാഹ്യമായിരിക്കും. അതുകൊണ്ടുതന്നെയാണ് ദൈവം കഴിഞ്ഞാല്‍ തൊട്ടടുത്തു നില്‍ക്കുന്നത് ആരോഗ്യ മേഖലയിലുള്ളവരാണെന്ന് പഴമക്കാര്‍ പറയും. ഡോക്ടറോടും വക്കീലിനോടും കളവു പറയരുതെന്ന പഴഞ്ചൊല്ലുപോലുമുണ്ട്. കോടാനുകോടി നാഡീ ഞരമ്പുകള്‍ ചേരുന്ന മനുഷ്യശരീരത്തില്‍ എന്തൊക്കെയാണ് ആവശ്യമുള്ളതെന്നും ഏതൊക്കെ ഭാഗങ്ങളാണ് വേണ്ടാത്തതെന്നും റിസര്‍ച്ച് ചെയ്യുന്ന ഒരു വിഭാഗം സജീവമായിരിക്കുന്നു എന്നതാണ് സമീപ കാലത്തെ ചുടേറിയ വാര്‍ത്തകള്‍.
മെഡിക്കല്‍ ടേംസിനു പുറത്തേക്ക് ഈ വിഭാഗം കടന്നതോടെ ഇവര്‍ എത്തിച്ചേര്‍ന്നത് ഓര്‍ഗണ്‍ കച്ചവടച്ചന്തയിലേക്കാണ്. മെഡിക്കല്‍ ടേംസും ഓര്‍ഗണ്‍സ് മാര്‍ക്കറ്റും തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ട്. ആ വ്യത്യാസവും, വ്യവസായവും തിരിച്ചറിഞ്ഞവര്‍ ഇതിനെ പിന്‍പറ്റി നിരവധി ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷെ, അതിനൊന്നും വേണ്ട രീതിയില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുപോലും പിന്തുണ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. ഇതാ വീണ്ടും അവയവ കച്ചവടചന്തകള്‍ കേരളത്തില്‍ തുറന്നിരിക്കുന്നതിന്റെ ചെറു വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു. സജീവമായി പ്രവര്‍ത്തിക്കുന്ന ഈ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ വന്‍ മാഫിയാ സംഘങ്ങളാണ്.
ഇവരെ നിയന്ത്രിക്കുന്നത്, വിദേശത്തോ സ്വദേശത്തോ ഉള്ള വലിയവലിയ കക്ഷികളാണെന്ന് പറയാതെ വയ്യ. അതായത്, നിയമത്തിനോ, രാഷ്ട്രീയത്തിനോ തൊടാന്‍പോലും കഴിയാത്ത സ്രാവുകളാണ് ഇതിന്റെ നടത്തിപ്പുകാര്‍. അവയവക്കച്ചവടത്തെ കുറിച്ചുള്ള ഒരു സ്വതന്ത്രമായ അന്വേഷണം നടത്തുകയാണ് ഇവിടെ. വിവരങ്ങള്‍ പൂര്‍ണ്ണായും വിഷയാധിഷ്ഠിതമായതു കൊണ്ടുതന്നെ ഇതില്‍ പരാമര്‍ശിക്കുന്ന എല്ലാ വിവരങ്ങളും കേരളത്തില്‍ നടന്നിട്ടുള്ളതാണെന്ന് പ്രത്യേകിച്ച പറയേണ്ടതില്ലല്ലോ. ഈ ഒരു തുറന്നെഴുത്തു കൊണ്ട് അവയവ കച്ചവടമോ, വില്‍പ്പനയോ, വാങ്ങലോ അവയവ മാഫിയയോ അടങ്ങില്ലെന്നറിയാം. പക്ഷെ, ഒന്നുണ്ട്. മറഞ്ഞിരിക്കുകയും, മനുഷ്യനെ പച്ചയ്ക്ക് മുറിച്ചു വില്‍ക്കുകയും ചെയ്ത് കോടികള്‍ സമ്പാദിക്കുന്നവര്‍ക്ക് പിന്നില്‍ സത്യം അന്വേഷിച്ചിറങ്ങുന്ന ഒരാളെങ്കിലും ഉണ്ടാകുമെന്ന ഭയം അവര്‍ക്കുണ്ടാകും.
അത്രമാത്രം. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍പ്പെട്ടു പോകുന്നവര്‍, മക്കളെ കെട്ടിച്ചയയ്ക്കാന്‍ വഴിയില്ലാത്തവര്‍, കടംകേറി ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവര്‍ ഇത്തരക്കാരാണ് അവയയവ മാര്‍ക്കറ്റിലെ ബലിയാടുകള്‍. ഇവരില്‍ ചെറുപക്ഷം സ്വയമേവ മാര്‍ക്കറ്റില്‍ എത്തിപ്പെടുന്നുണ്ട്. എന്നാല്‍, ബഹുഭൂരിപക്ഷത്തെയും മാര്‍ക്കറ്റില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യത്തിന്റെ പിടിയില്‍ കഴിയുന്നവരെ കണ്ടെത്തി വീടുകള്‍ തോറും നിരന്തരം കയറിയിറങ്ങി, ക്യാന്‍വാസ് ചെയ്താണ് മാര്‍ക്കറ്റിലെത്തിക്കുന്നത്. ഇതിന് ഏജന്റുമാരുണ്ട്. അവയവം വില്‍ക്കാന്‍ സന്നദ്ധത അറിയിക്കുന്നതു വരെ ഈ ഏജന്റുമാര്‍ ഇരയെ ബ്രെയിന്‍വാഷ് ചെയ്തുകൊണ്ടേ ഇരിക്കും.
വന്‍ വിലയിക്ക് കച്ചവടം ഉറപ്പിക്കുന്നതോടെ ഇര പൂര്‍ണ്ണമായും കച്ചവടത്തില്‍പ്പെട്ടിട്ടുണ്ടാകും. തുച്ഛമായ തുക നല്‍കി ഇരയെ തഴഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ ഏജന്റ് മുതലുള്ളവര്‍ ബാക്കിതുക വീതം വെച്ചെടുക്കുകയായി. രാജ്യാന്തര അവയവക്കച്ചവട മാഫിയയുടെ കണ്ണികള്‍ കേരളത്തിന്റെ മുക്കിലും മൂലയിലും ഉണ്ടെന്ന ഞെട്ടിക്കുന്ന സത്യം മറക്കാതിരിക്കാം. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും എന്ന തത്വമാണ് ഇവിടെ വെളിവായിരിക്കുന്നത്. അവയവദാനക്കച്ചവടക്കാരെ മുച്ചൂടും കൈയ്യോടെ പൊക്കുമെന്ന വിശ്വാസമൊന്നുമില്ലെങ്കിലും, ഒരു ചെറുവിരലനക്കാന്‍ കഴിയുമോയെന്ന് നോക്കുയാണ് ഈ പരമ്പരയിലൂടെ….ഇന്നു മുതല്‍ ആരംഭിക്കുന്നു….’എന്റെ കരളിന്റെ കരളേ…നിന്റെ വൃക്ക എവിടെ ?’ എന്ന തലക്കെട്ടില്‍ അന്വേഷണം ന്യൂസ് എഡിറ്റര്‍ എ.എസ്. അജയ്‌ദേവാണ് പരമ്പര തയ്യാറാക്കിയിരിക്കുന്നത്.