Education

സാങ്കേതിക സർവകലാശാലയിൽ പി എച് ഡി ക്ക് അപേക്ഷിക്കാം, അവസാന തീയതി ജൂൺ 20

തിരഞ്ഞെടുത്ത ഫുൾ ടൈം ഗവേഷകർക്ക് സർവകലാശാലയുടെ മൂന്ന് വർഷത്തേക്ക് സർവകലാശാല ഫെല്ലോഷിപ്പ് ലഭിക്കും

തിരുവനന്തപുരം : എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല 2024-25 അധ്യയന വർഷത്തേക്കുള്ള പി എച് ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20.

5.75 സി ജി പി എ യോട് കൂടി എഞ്ചിനീയറിംഗ്/ടെക്നോളജി, ആർക്കിടെക്ചർ, ബേസിക് സയൻസസ്, അപ്ലൈഡ് സയൻസ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദമോ, ഗവേഷണത്തിലൂടെ ലഭിച്ച എഞ്ചിനീയറിംഗ്/ടെക്നോളജി ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. എസ് സി, എസ് ടി, ഒ ബി സി (നോൺ ക്രീമിലേയേർ), അംഗപരിമിതർ എന്നീ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് വേണ്ടുന്ന മിനിമം സി ജി പി എ 5.25 ആണ്. 7.75 സി ജി പി എ യോട് കൂടി എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ ബിരുദം നേടിയ വിദ്യാർത്ഥികൾക്കും പി എച് ഡി പ്രോഗ്രാമിലേക്കു അപേക്ഷിക്കാം. എസ് സി, എസ് ടി, ഒബിസി, ഇ ഡബ്യു എസ് വിഭാഗക്കാർക്ക് 7.25 സി ജി പി എ ഉണ്ടായിരിക്കണം.

തിരഞ്ഞെടുത്ത ഫുൾ ടൈം ഗവേഷകർക്ക് സർവകലാശാലയുടെ മൂന്ന് വർഷത്തേക്ക് സർവകലാശാല ഫെല്ലോഷിപ്പ് ലഭിക്കും. ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജുകളിൽ ഗവേഷണം നടത്തുന്ന തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർപ്പും ലഭിക്കുന്നതാണ്.

അവസാന സെമസ്റ്ററിന് പഠിക്കുന്ന ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾ അവരുടെ അത് വരെ പ്രസിദ്ധീകരിച്ച പരീക്ഷകളുടെ ഗ്രേഡുകൾ‌ക്കൊപ്പമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടുന്നവർക്ക് മാത്രമേ അഭിമുഖത്തിന് അർഹതയുണ്ടാവുകയുള്ളു. 1100 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി വിഭാഗക്കാർക്ക് ഫീസ് 550 രൂപ. വിശദ വിവരങ്ങൾക്ക് യൂണിവേഴ്സിറ്റി വെബ്സൈറ്റ് www.https://ktu.edu.in/ സന്ദർശിക്കുക.

Latest News