കോഴിക്കറി കഴിക്കാന്‍ ഇനി ഹോട്ടലില്‍ ചെന്നാല്‍ ആദ്യ എത്ര രൂപയാണെന്ന് ചോദിച്ചതിനുശേഷം മാത്രം കഴിക്കാന്‍ തുടങ്ങാവൂ. കാര്യം വേറെയൊന്നുമല്ല റോക്കറ്റിനെക്കാളും കുതിച്ചു ഉയരുന്ന ചിക്കന്‍ വിലയാണ് അതിനു കാരണം. ചിക്കന്‍ വിഭവങ്ങള്‍ ഒന്നു കഴിക്കാന്‍ ഹോട്ടല്‍ സീറ്റിലിരുക്കുന്നതിന് മുന്‍പ് ‘മെനു’ വായിക്കുന്നത് നല്ലതായിരിക്കും. ഇന്നലെ കഴിച്ച റേറ്റായിരിക്കില്ല ഇന്ന്, നാളെ വേണമെങ്കില്‍ കൂടാം ചിലപ്പോള്‍ കുറയാം. കോഴി വില അനിയന്ത്രിതമായി കൂടുമ്പോള്‍ വില കൂട്ടാതെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് പോകുന്നതെന്ന് ഹോട്ടല്‍ ഉടമകളും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു മാസമായി ചിക്കന്‍ വില തോന്നുംപടിയാണ് കൂട്ടുന്നത്. കേരളത്തില്‍ തമിഴനാട്ടിലെ നാമക്കലില്‍ നിന്നുമാണ് ഇറച്ചിക്കോഴിയും മുട്ടയും എത്തുന്നത്. ചിക്കന്‍ വില കൂട്ടുന്നതിനൊപ്പം വെള്ളമുട്ടയുടെയും വിലയും ക്രമീതീതമായി കൂടുന്നുണ്ട്. ഇതിനും തടയിടാനും ആരുമില്ല.
ഇന്ന് തിരുവനന്തപുരം നഗരത്തിലെ കോഴി വില കേട്ടാല്‍ ഞെട്ടും. 170 മുതല്‍ 173 വരെ കിലോയ്ക്ക് കോഴി വില്‍ക്കുന്ന കടകളാണ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് കടകളിലെ കോഴി വിലയുടെ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ മൂന്ന് വില, ഒരിടത്ത് 170, മറ്റൊരിടത്ത് 172, വേറൊരിടത്ത് 173 എന്നിങ്ങനെയാണ്. വില നിശ്ചയിക്കുന്നതില്‍ പോലും യാതൊരു ഏകീകൃത സ്വഭാവവുമില്ല. എന്നാല്‍ കുടുംബശ്രീയുടെ കേരള ചിക്കന് വില തിരുവന്തപുരത്ത് 162 രൂപയാണ്, അത് വിലക്കയറ്റത്തിനിടയില്‍ വലിയൊരു ആശ്വാസമാണ്. കേരള ചിക്കന് മലപ്പുറത്തും, കോഴിക്കോടും അതായത് സംസ്ഥാനത്ത ഇറച്ചി വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്ന ജില്ലകളില്‍ വില കേരള ചിക്കന്റെ വില 148 രൂപയാണ്. പക്ഷേ, ആവശ്യക്കാര്‍ക്ക് വേണ്ടിയുള്ള മുഴുവന്‍ കോഴിയും കേരള ചിക്കന് നല്‍കാന്‍ സാധിക്കുന്നില്ലെന്ന് പരാതികള്‍ ഉയരുന്നുണ്ട്.
കോഴി ഇറച്ചിയുടെ വില കാര്യത്തിലും റോക്കറ്റിനെ തോല്‍പ്പിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഒരു കിലോ കോഴി ഇറച്ചിക്ക് 275 രൂപയ്ക്കാണ് വില്‍ക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഉള്‍പ്പടെ വില്‍ക്കുന്ന കോഴി ഇറച്ചി, ഈ വര്‍ഷത്തെ ഏറ്റവും വലിയ വിലയ്ക്കാണ് വില്‍പ്പന നടത്തുന്നത്. ഫ്രോസണ്‍ ഇറച്ചി വില്‍ക്കുന്ന കടകളിലും ഇതേ വിലയ്ക്കാണ് ചിക്കന്‍ വില്‍ക്കുന്നത്. കെപ്‌കോ വില്‍ക്കുന്നത് കിലോയ്ക്ക 253 രൂപ നിരക്കിലാണെങ്കിലും ലഭ്യതക്കുറവാണ് അവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം.
ചിക്കന്‍ വില കഴിഞ്ഞ മാസത്തേക്കാള്‍ കൂടിയാണ് നില്‍ക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നും കോഴി വരുന്നത് വിലക്കൂട്ടിയാണ്,അതോടെ അതിനു അനുപാതമായി മാത്രമെ നമ്മള്‍ക്കും നിശ്ചിത വിലയില്‍ കൊടുക്കാന്‍ സാധിക്കുകയുള്ളുവെന്ന് വ്യാപരികള്‍. കഴിഞ്ഞ മാസം റംസാന്‍ സമയത്ത സംസ്ഥാനത്ത് കോഴി ഇറച്ചി വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയും, ഒരു കിലോ കോഴിക്ക് 190 രൂപ നല്‍കണ്ടേ അവസ്ഥയാണ്.
80 രൂപയാണ് അന്ന് ഒരാഴ്ച് കൊണ്ട് വര്‍ധിച്ചത്. റംസാന്‍, വിഷു വിപണി ലക്ഷ്യമാക്കി കോഴിഫാമുകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് അന്ന് വ്യാപാരികള്‍ ആരോപിച്ചിരുന്നു. ഇനിയും വിലകൂടുമെന്ന് വ്യാപാരികള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
തമിഴ്‌നാട് ഫാമുകളിലെ വിലക്കയറ്റം
തമിഴ്നാട്ടിലെ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഉത്പാദനം കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. 2023 ഡിസംബറില്‍ ഇറച്ചിക്കോഴിക്ക് 100 രൂപയില്‍ താഴെയായിരുന്നു വില. ആറുമാസം കൊണ്ട് കൂടിയത് 80 രൂപയോളം,ഏകദേശം 80 ശതമാനം വര്‍ധനവ്. തമിഴ്നാട്ടില്‍ നിന്നുമാണ് കേരളത്തിലേക്ക് പ്രധാനമായും വില്‍പ്പനക്കായി ഇറച്ചിക്കോഴി എത്തുന്നത്. കടുത്ത വേനലിനെ തുടര്‍ന്ന് ഉത്പാദനം കുറഞ്ഞതാണ് വില കൂടാന്‍ പ്രധാന കാരണം. തമിഴ്നാട്ടില്‍ ചൂട് കടുത്തതോടെ കര്‍ഷകര്‍ കോഴി വളര്‍ത്തല്‍ താത്കാലികമായി നിര്‍ത്തിയെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. ജൂണ്‍ ആദ്യവാരത്തോടെ വിലയില്‍ ഇടിവ് ഉണ്ടാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്നാട്ടില്‍ ബ്രോയിലര്‍ കോഴിയുടെ മൊത്തവില കൂടി. തിരുപ്പൂര്‍, കോയമ്പത്തൂര്‍, ഈറോഡ് എന്നിവയുള്‍പ്പടെ പടിഞ്ഞാറന്‍ തമിഴ്നാട്ടില്‍ ഉടനീളം ബ്രോയിലര്‍ കോഴിയിറച്ചിയുടെ സംഭരണവില വര്‍ധിക്കാന്‍ വേനല്‍ച്ചൂട് കാരണമായി. കിലോഗ്രാമിന് (ഏപ്രില്‍ 21) 121 രൂപയായിരുന്ന വില 144 രൂപയായി (മെയ് 18) കുതിച്ചുയര്‍ന്നതായും കേരളത്തിലെ വ്യാപാരികള്‍ വ്യക്തമാക്കി.
കേരളം, ആന്ധ്ര, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെല്ലാം ഇറച്ചിക്കോഴിയുടെ ലഭ്യത കുറഞ്ഞു. വേനലവധിക്കാലത്ത് ചൂടില്‍ കൂടുതല്‍ കോഴികള്‍ ചത്തതോടെ കോഴിയിറച്ചിയുടെയും മുട്ടയുടെയും വില തെലങ്കാനയിലും കുതിച്ചുയര്‍ന്നിരുന്നു. കൂടിയ താപനില നേരിയ തോതില്‍ കുറഞ്ഞാല്‍, കാലവര്‍ഷം ആരംഭിക്കുന്നതുവരെ വില ക്രമേണ കുറയാന്‍ തുടങ്ങുമെന്നാണ് വിലയിരുത്തല്‍. ഹൈദരബാദില്‍ കോഴിയുടെ ഫാം വില 150 രൂപയാണ്. റീട്ടെയില്‍ വില 172 രൂപയും. സ്‌കിന്‍ലെസ് ചിക്കന് 284 രൂപയും അല്ലാത്തതിന് 249 രൂപയുമാണ് വില.
കേരളത്തിലെ ചില ഫാമുകളില്‍ നിന്നും വില്‍പ്പനക്കായി വ്യാപാരികള്‍ കോഴി വാങ്ങുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ വിതുര, പാലോട് കേന്ദ്രീകരിച്ച് നിരവധി കോഴി ഫാമുകളാണ് നിലവിലുള്ളത്. അവിടുത്തെ കോഴികള്‍ നഗരത്തിലെ ഹോട്ടലുകളില്‍ ഉള്‍പ്പടെ ഹോള്‍സെയില്‍ നിരക്കിലാണ് ഫാമുകാര്‍ നല്‍കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന കോഴികളെ പ്രധാനമായും ചെറുകിട കച്ചവടക്കാരാണ് വാങ്ങി വില്‍പ്പന നടത്തുന്നത്.