മക്കയിലേക്ക് നേരിട്ടെത്തിയ മലയാളി ഹാജിമാരുടെ മദീന സന്ദർശനം ആരംഭിച്ചു. സ്വകാര്യ ഗ്രൂപ്പിലെത്തിയ തീർഥാടകരാണ് ഹജ്ജിന് മുമ്പ് തന്നെ മദീന സന്ദർശനത്തിനായി പുറപ്പെട്ടത്. കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഹാജിമാരുടെ മദീന സന്ദർശനം ഹജ്ജിനു ശേഷം ആരംഭിക്കും.
ഈ മാസം 15 മുതൽ സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിൽ മലയാളി ഹാജിമാർ മക്കയിലെത്തി തുടങ്ങിയിരുന്നു. ഇവരാണ് ഇപ്പോൾ മദീന സന്ദർശനം ആരംഭിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ മലയാളി ഹാജിമാർ മദീയിലേക്ക് പുറപ്പെടും. മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷം ഹജ്ജിന് മുമ്പായി ഇവർ മക്കയിലേക്ക് തിരിച്ചെത്തും. ഹജ്ജിന് ശേഷം ജിദ്ദ വിമാനത്താവളത്തിൽ നിന്നായിരിക്കും ഇവർ നാട്ടിലേക്ക് മടങ്ങുക.
മദീനയിൽ എത്തുന്ന മലയാളി തീർത്ഥാടകർക്ക് വൻ സ്വീകരണമാണ് വിവിധ സംഘടനകൾ നൽകുന്നത്. ആദ്യ സംഘത്തിന് മദീന കെഎംസിസിയുടെ നേതൃത്വത്തിൽ വിപുലമായ സ്വീകരണമൊരുക്കി. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ സ്വീകരണത്തിൽ പങ്കാളികളായി. കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മക്കയിലേക്ക് വരുന്ന ഹാജിമാർ, ഹജ്ജിന് ശേഷമായിരിക്കും മദീന സന്ദർശനത്തിനായി പുറപ്പെടുക. നോൺ മഹറം വിഭാഗത്തിലെത്തിയ 3500 വനിതകളുൾപ്പെടെ ഇത് വരെ ആറായിരത്തോളം ഹാജിമാരാണ് ഹജ്ജ് കമ്മറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നും മക്കയിലെത്തിയത്. നാളെ രാത്രിയോടെ കണ്ണൂരിൽ നിന്നുള്ള ഹാജിമാരും മക്കയിലെത്തി തുടങ്ങും.