പ്രേതങ്ങളെ തേടിനടന്ന യുവാവ് ദുരൂഹസാഹചര്യത്തിൽ മരണപ്പെടുക . സംഭവം നമ്മുടെ രാജ്യത്ത് തന്നെയാണ് . ഗൗരവ് തിവാരി എന്നായിരുന്നു അയാളുടെ പേര്. ഇരുളിന്റെ രഹസ്യങ്ങളെ പുറത്തു കൊണ്ട് വരാനുള്ള ഒരു യാത്ര ആയിരുന്നു ആ ജീവിതം..പ്രേതങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഉത്തരം തേടി അലഞ്ഞവര്‍ നിരവധിയാണ്. ഇക്കൂട്ടത്തില്‍ എടുത്തുപറയാവുന്ന പേരാണ് ഗൗരവിന്റേത്. ലോകത്ത് പ്രേത സാന്നിധ്യമുണ്ടെന്ന് പ്രചരിച്ചിടത്തൊക്കെ ധൈര്യപൂര്‍വ്വം എത്തിയ ഗൗരവ് വാര്‍ത്തകളില്‍ നിറഞ്ഞത് നിരവധി തവണ. പലയിടത്തെയും അന്ധവിശ്വാസത്തിന്റെ പൊള്ളത്തരങ്ങള്‍ ഈ യുവാവ് ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി. 2009ല്‍ ഇന്ത്യന്‍ പാരാനോര്‍മല്‍ സൊസൈറ്റി സ്ഥാപിച്ച ഗൗരവ് ഒടുവില്‍ ദുരൂഹതകള്‍ ബാക്കിവച്ച് യാത്രയായപ്പോള്‍ മരണകാരണം എന്താണെന്നത് ചോദ്യചിഹ്നമായി ശേഷിക്കുന്നു.
ഇന്ത്യയുടെ പാരാനോർമൽ ഇൻവെസ്റ്റിഗേറ്ററായ ഗൗരവ് തിവാരിയെ 2016 ലാണ് 32 -ാം വയസ്സിൽ ദ്വാരകയിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . സ്വന്തം ഫ്‌ളാറ്റിനുള്ളില്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ ഗൗരവിനെ കണ്ടത്. ഭാര്യക്കും മാതാപിതാക്കള്‍ക്കുമൊപ്പമാണ് ഇവിടെ ഗൗരവ് താമസിച്ചിരുന്നത്. കുളിമുറിയില്‍ നിന്ന് അസാധാരണ ശബ്ദം കേട്ട് ഓടിച്ചെന്നപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഗൗരവിനെ കണ്ടു എന്നാണ് ഭാര്യ ആര്യാ കശ്യപ് പൊലീസിന് നല്‍കിയ മൊഴി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗൗരവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു വീടും ഗൗരവിന്റെ മൊബൈല്‍ ഫോണും പരിശോധനക്ക് വിധേയമാക്കിയെങ്കിലും മരണകാരണം കണ്ടെത്താനായില്ല. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോലീസ് കണ്ടെത്തിയത് . എന്നാൽ ഇത് ആത്മഹത്യയാണോ , കൊലപാതകമാണോ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
അമേരിക്കയില്‍ പഠനശേഷം കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് എടുത്ത് ഇഷ്ടജോലിയില്‍ പ്രവേശിക്കുകയായിരുന്നു ഗൗരവ്. പ്രേതബാധയുണ്ടെന്നു പരക്കെ പറഞ്ഞിരുന്ന ഒരു വീട്ടിലേക്കു താമസം മാറിയതോടെയാണ് കൊമേഴ്‌സ്യല്‍ പൈലറ്റ് എന്ന കരിയറില്‍ നിന്നും ഗൗരവ് പിന്തിരിയാന്‍ തുടങ്ങിയതെന്നു പറയപ്പെടുന്നു. ജോലി വിട്ടശേഷം പാരാനോര്‍മല്‍ വിഷയങ്ങളില്‍ പഠനം നടത്തിയ ഗൗരവ് ഇന്ത്യയില്‍ നിന്നുള്ള സര്‍ട്ടിഫൈഡ് പാരാനോര്‍മല്‍ അന്വേഷകനും പാരാ നെക്‌സസ് പ്രതിനിധിയുമായിരുന്നു. മരണത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഗൗരവ് വിവാഹിതനായത്. ഏതോ വിപരീതശക്തി തന്നെ അതിലേക്കു നയിക്കുന്നുവെന്നും പിന്തിരിയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ലെന്നും ഗൗരവ് ഭാര്യ ആര്യയോട് പറഞ്ഞിരുന്നു. എന്നാല്‍ ജോലിയിലുള്ള അമിതഭാരമോ സമ്മര്‍ദ്ദമോ മൂലം പറഞ്ഞതാകാമെന്ന് കരുതി ഭാര്യ അതു കാര്യമാക്കിയിരുന്നില്ല.
പ്രേതബാധയുള്ളതെന്ന് പറയപ്പെടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെ രാത്രി തങ്ങുകയുമൊക്കെയായിരുന്നു ഇദ്ദേഹത്തിന്റെ ഹോബി. ഇന്ത്യയിലും വിദേശത്തും അടക്കം ഇത്തരം സ്ഥലങ്ങള്‍ ഗൗരവ് സന്ദര്‍ശിച്ചിട്ടുണ്ട്. ഈ യാത്രകള്‍ വിഷയമായ ടിവി പരിപാടികള്‍ക്കും പ്രേക്ഷകരേറെയായിരുന്നു. ഭൂത് ആയാ, ഫിയര്‍ ഫയല്‍സ് തുടങ്ങിയ ടിവി പരിപാടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 16 ഡിസംബര്‍, ടാങ്കോ ചാര്‍ളി എന്നീ സിനിമകളിലും ഗൗരവ് അഭിനയിച്ചിട്ടുണ്ട്. പ്രേതബാധയുണ്ടെന്ന് പറയുന്ന ആറായിരത്തോളം സ്ഥലങ്ങള്‍ ഗൗരവ് സന്ദര്‍ശിച്ചുണ്ടെന്നാണ് ഇന്ത്യന്‍ പാരാനോര്‍മല്‍ സൊസൈറ്റിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. തിവാരിയുടെ മൃതദേഹത്തില്‍ കഴുത്തിനു ചുറ്റം കറുത്തപാട് കണ്ടിരുന്നു. ഏതോ അദൃശ്യ ശക്തികള്‍ തിവാരിയുടെ മരണത്തിന് പിന്നിലുണ്ടെന്ന് ഇന്നും വിശ്വസിക്കുന്നവര്‍ നിരവധിയാണ്.