ഹൽവ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. കാരറ്റ് ഹൽവ, പപ്പായ ഹൽവ, പെെനാപ്പിൾ ഹൽവ, ഈന്തപ്പഴം ഹൽവ, ഓറഞ്ച് ഹൽവ, ചക്ക ഹൽവ ഇങ്ങനെ പോകുന്നു ഹൽവയുടെ നീണ്ട നിര. ഇതൊന്നും അല്ലാതെ അരിപ്പൊടിയിലും കിടിലൻ ഹൽവ തയ്യാറാക്കാവുന്നതാണ്.
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി – 1 കപ്പ്
- തേങ്ങയുടെ ഒന്നാം പാൽ -1 കപ്പ്
- രണ്ടാം പാൽ – 4 കപ്പ്
- ഓയിൽ – 4 ടേബിൾ സ്പൂൺ
- ഏലയ്ക്ക പൊടി – 2 ടീസ്പൂൺ
- ശർക്കര – 300 ഗ്രാം
- നെയ്യ് – 3 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം അരിപ്പൊടിയിൽ ഒരു കപ്പ് രണ്ടാം പാൽ ചേർത്തു നന്നായി മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്തതിന് ശേഷം ഇതിലേക്ക് ബാക്കി 3 കപ്പ് രണ്ടാം പാലും ചേർക്കുക. ശേഷം ഇതിലേക്ക് ശർക്കര 2 കപ്പ് വെള്ളത്തിൽ അലിയിച്ചെടുത്തത് ചേർത്ത് ഇളക്കി കൊടുക്കുക. ഹൽവ മിക്സ് റെഡിയായി.
ഇനി ഇത് ഒരു പാനിലേക്ക് ഒഴിച്ച് ചെറുതീയിൽ വേവിക്കുക. ഇളക്കി കൊണ്ടേയിരിക്കുക. ശേഷം മിക്സ് നല്ല പോലെ കുറുകി വരുമ്പോൾ ഇതിലേക്ക് ഒരു കപ്പ് ഒന്നാം പാലും ഏലയ്ക്ക പൊടിയും ചേർത്ത് നന്നായി ഇളക്കുക. ഇടയ്ക്കിടയ്ക്ക് അൽപം ഓയിലും നെയ്യും ചേർത്ത് വേണം ഇളക്കാൻ.
ശേഷം ഹൽവ മിക്സ് നല്ല കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യുക. ശേഷം ഹൽവ വയ്ക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിലേക്ക് അൽപം നെയ്യ് തടവുക.ശേഷം ചൂടോടെയുള്ള ഹൽവ നെയ്യ് തടവി വച്ചിരിക്കുന്ന പാത്രത്തിലേക്ക് മാറ്റുക. ഇനി മുകൾ ഭാഗം നട്സ് ഉപയോഗിച്ച് അലങ്കരിക്കാം. മൂന്ന് മണിക്കൂർ കഴിഞ്ഞ് തണുത്തതിന് ശേഷം മുറിച്ച് കഴിക്കാവുന്നതാണ്.