ജിദ്ദ : ജിദ്ദ ഗവർണറേറ്റിലെ രണ്ടാമത്തെ റിങ് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രിയും റോഡ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ സാലിഹ് അൽ ജാസറാണ് ഉദ്ഘാടനം നിർവഹിച്ചത്. റോഡ്സ് ജനറൽ അതോറിറ്റി ആക്ടിങ് സിഇഒ എൻജിനീയർ ബദർ അൽ ദലാമിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
66 കോടി റിയാൽ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്. ഓരോ ദിശയിലും നാല് പാതകളുള്ള റോഡിൽ 50 ക്രോസിങ്ങുകളും അഞ്ച് കവലകളും 11 പാലങ്ങളുമുണ്ട്. ജിദ്ദ-മക്ക എക്സ്പ്രസ് വേയിൽ കിങ് ഫൈസൽ റോഡ് മുതൽ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ഇടനാഴി വരെ 31 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പ്രവർത്തനം അതോറിറ്റിയുടെ കീഴിലായിരിക്കും. റോഡിന്റെ ശേഷിക്കുന്ന 82 കിലോമീറ്റർ ഭാഗം ജിദ്ദ മേയറൽറ്റിയുടെ അധികാരപരിധിയിലായിരിക്കും. പുതിയ റിങ് റോഡ് മക്ക മേഖലയിലെ സുപ്രധാനമായ പദ്ധതികളിലൊന്നാണ്. ജിദ്ദ നഗരത്തിന്റെ തെക്ക്, വടക്ക് ഭാഗത്തേക്ക് പൂർണമായ കണക്ഷൻ ഈ റോഡ് നൽകുന്നു.
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കുവാനും സുഗമമായ രീതിയിൽ ഗതാഗതം നിലനിർത്താനും ഇത് ലക്ഷ്യമിടുന്നു. മേഖലയിലെ റോഡുകളെ ബന്ധിപ്പിക്കുന്നതിനും സാമ്പത്തികവും ലോജിസ്റ്റിക്കൽ ചലനവും സാധ്യമാക്കുന്നതിനും സുരക്ഷാ നിലവാരം ഉയർത്തുന്നതിനും ഈ പദ്ധതി വഴിവെക്കുന്നു. ഹജ്ജ്, ഉംറ പദ്ധതികൾ, വ്യവസായം, വിനോദ സഞ്ചാരം, വ്യാപാരം, തുടങ്ങി നിരവധി മേഖലകൾക്ക് ഏറ്റവും സുപ്രധാനവും സാധ്യതയുള്ളതുമായ മേഖലകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഗതാഗത മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി സുപ്രധാന പദ്ധതികളും സംരംഭങ്ങളും റോഡ് അതോറിറ്റി കുറ്റമറ്റ നിലയിൽ സംവിധാനിക്കുന്നത് തുടരുകയാണെന്നും അധികൃതർ അറിയിച്ചു.