തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ മകളെ കഴുത്തു മുറിച്ചു കൊല്ലാൻ ശ്രമിച്ചതിന് ശേഷം അമ്മ ജീവനൊടുക്കി. അറകുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. മകൾ ബിന്ദു (48) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കിടപ്പുരോഗിയാണ് മകൾ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ലീലയുടേത്.
മകളെ കൊല്ലാൻ ശ്രമിച്ച ശേഷം ലീല മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കുടുംബം സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടിരുന്നതായി പൊലീസ് പറയുന്നു. ലീലയുടെ ഭർത്താവും ബിന്ദുവിന്റെ ഭർത്താവും നേരത്തെ മരണപ്പെട്ടിരുന്നു. ലീലയുടെ ഒരു മകൻ മാസങ്ങൾക്കുമുൻപ് അപകടത്തിൽ മരിക്കുകയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് മകളുടെ കഴുത്ത് മുറിച്ചശേഷം ലീല ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം.പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകും.