മസ്കറ്റ് : ഒമാനി പൗരനെ കൊലപ്പെടുത്തിയതിന് ഒരാള്‍ അറസ്റ്റില്‍. വടക്കൻ ബാത്തിനയിൽ നിന്നാണ് ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അൽ ഖാബൂറാ വിലായത്തിലാണ് ഒമാനി പൗരൻ കൊല്ലപ്പെട്ടത്. വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡും പ്രത്യേക സുരക്ഷാ സേനയും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്കെതിരെയുള്ള നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി റോയൽ ഒമാൻ പൊലീസ് ഇന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. എന്നാൽ അറസ്റ്റിലയായ പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും റോയൽ ഒമാൻ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
അതേസമയം, ഒമാനില്‍ മത്സ്യബന്ധന നിയമം ലംഘിച്ചതിന് പത്തു പ്രവാസികള്‍ അറസ്റ്റില്‍. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. അൽ വുസ്ത ഗവർണറേറ്റിൽ നിന്നാണ് ഈ പ്രവാസി തൊഴിലാളികളെ ഫിഷറീസ് കൺട്രോൾ ടീം അറസ്റ്റ് ചെയ്തത്.
ഇവരുടെ ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. കോസ്റ്റ് ഗാർഡ് പൊലീസിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന നടത്തിയത്. പിടിയിലായവര്‍ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.