ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം തവണയും എൻഡിഎ അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
543 ലോക്സഭ മണ്ഡലങ്ങളിൽ എൻഡിഎ മുന്നണി 392 മുതൽ 353 സീറ്റുകൾ വരെ നേടുമെന്നാണ് വിവിധ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇൻഡ്യ സഖ്യം 125 മുതൽ 150 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും ദേശീയതലത്തിൽ വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോളുകൾ അവകാശപ്പെടുന്നു. ബി.ജെ.പി പ്രചാരണ വേളയിൽ അവകാശപ്പെട്ട 400 സീറ്റിലേക്ക് അവർക്ക് എത്താനാകില്ലെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു.
ഇന്ത്യ ന്യൂസ്-ഡി-ഡൈനാമിക്സിന്റെ സർവേ അനുസരിച്ച് എൻഡിഎയ്ക്ക് 371 സീറ്റുകളും ഇന്ത്യ മുന്നണിക്ക് 125 സീറ്റും മറ്റുള്ളവർ 47 സീറ്റും നേടുമെന്നാണ് പ്രവചനം.
സർവേ ഫലങ്ങൾ ചുവടെ:-
ജൻ കി ബാത് – എൻഡിഎ 362-392, ഇന്ത്യ 141-161, മറ്റുള്ളവർ 10-20
റിപ്പബ്ലിക് ഭാരത്-മാട്രിക്സ് – എൻഡിഎ 353-368, ഇന്ത്യ 118-133, മറ്റുള്ളവർ 43-48
റിപ്പബ്ലിക് ടിവി – പി മാർക് – എൻഡിഎ 359, ഇന്ത്യ 154, മറ്റുള്ളവർ 30
എൻഡിടിവി – എൻഡിഎ 365, ഇന്ത്യ 142, മറ്റുള്ളവർ 36
ആറാഴ്ച നീണ്ട ഏഴുഘട്ട തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്ന വേളയിലാണ് എക്സിറ്റ് പോൾ പ്രവചനം പുറത്തുവന്നത്. കേരളത്തിൽ ബി.ജെ.പി അക്കൗണ്ടു തുറക്കുമെന്നും പ്രവചനങ്ങളിൽ പറയുന്നുണ്ട്. സംസ്ഥാനത്ത് യു.ഡി.എഫിനു തന്നെയാവും കൂടുതൽ സീറ്റ് നേടാനാവുക. വോട്ടുവിഹിതത്തിൽ എൽ.ഡി.എഫിന് വലിയ ഇടിവ് വരുമെന്നും തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ എൻ.ഡിഎക്ക് മുൂന്നേറ്റമുണ്ടാക്കാ കഴിയുമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു.