Sports

ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽനിന്നും ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ച് ദിനേശ് കാർത്തിക്

ന്യൂഡൽഹി: ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽനിന്നും ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്. തന്റെ 39-ാം ജന്മദിനത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ കാർത്തിക് തീരുമാനം അറിയിച്ചത്. എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു പുറത്തായതിന് പിന്നാലെ ഐ.പി.എല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ 2022 ടി20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിലാണ് അവസാനമായി ഇന്ത്യൻ ജഴ്‌സി അണിഞ്ഞത്.

ഇപ്പോള്‍ തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ദിനേശ് ഔദ്യോഗികമായ വിരമിക്കല്‍ അറിയിച്ചത്. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ലഭിച്ച പിന്തുണയും സ്‌നേഹവും ഏറെ ആസ്വദിച്ചു. ഈ വികാരം സാധ്യമാക്കിയ എല്ലാ ആരാധകർക്കും എന്റെ നന്ദി അറിയിക്കുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് കളിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു’. വിരമിക്കൽ കുറിപ്പിൽ കാർത്തിക് കുറിച്ചു.

2004 സെപ്റ്റംബറിൽ ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ 50 ഓവർ ഫോർമാറ്റിൽ ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ചതിന് ശേഷം രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിൽ കാർത്തിക് ഇന്ത്യക്കായി 26 ടെസ്റ്റുകളും 94 ഏകദിനങ്ങളും 60 ടി20 മത്സരങ്ങളും കളിച്ചു. ഏകദിനത്തിൽ 30.21 ശരാശരിയിൽ 1752 റൺസും ട്വന്റി 20 യിൽ 26.38 ശരാശരിയിൽ 686 റൺസും നേടി. ടെസ്റ്റിൽ 42 ഇന്നിങ്‌സുകളിൽ നിന്ന് 1025 റൺസാണ് കാർത്തിക്കിന്റെ സമ്പാദ്യം.

മഹേന്ദ്ര സിങ് ധോണി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായിരുന്ന സമയങ്ങളിൽ താരത്തിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ ഐ.പി.എല്ലിലെ മികച്ച പ്രകടനത്തെ തുടർന്ന് 2022 ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് സെലക്ട് ചെയ്തിരുന്നു.

2024 ഐ.പി.എല്‍ സീസണില്‍ ബെംഗളൂരുവിന് വേണ്ടി 15 മത്സരങ്ങളില്‍ നിന്നും 326 റണ്‍സ് ആണ് ദിനേഷ് കാര്‍ത്തിക് അടിച്ചെടുത്തത്. അതില്‍ നിര്‍ണായകമായ 83 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം ടീമിന് വേണ്ടി നേടിയിരുന്നു. 36.22 എന്ന ആവറേജില്‍ 187.36 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു കാര്‍ത്തിക് ബാറ്റ് വീശിയത്. രണ്ട് ഫിഫ്റ്റിയും 27 ഫോറും 22 സിക്സും താരം സീസണില്‍ സ്വന്തമാക്കിയിട്ടുണ്ട്.

2008ലാണ് കാര്‍ത്തിക് തന്റെ ഐ.പി.എല്‍ കരിയര്‍ തുടങ്ങിയത്. 2015ല്‍ ബംഗളൂരുവിനൊപ്പം ചേരുന്നതിന് മുമ്പ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകൾക്കായും കളത്തിലിറങ്ങി. ഇതുവരെ ഐ.പി.എല്ലില്‍ 257 മത്സരങ്ങളിലെ 234 ഇന്നിങ്സില്‍ നിന്നും 4842 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. അതില്‍ 97 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടിയിട്ടുണ്ട്. ഇതുവരെ സെഞ്ച്വറികള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും 22 അര്‍ധ സെഞ്ച്വറി താരം നേടിയിട്ടുണ്ട്.

Latest News