ഒരു ചെറിയ മഴ പെയ്താൽ പോലും തലസ്ഥാനത്തെ റോഡുകളെല്ലാം ഇപ്പോൾ വെള്ളത്തിലാണ്.പൈപ്പിടലിനും മറ്റുമായി കുഴിച്ചിട്ടിരിക്കുന്ന റോഡുകളിൽ അപകടം സ്ഥിരം കാഴ്ചയുമാണ്. മഴയെത്തും മുൻപേ തീർക്കാൻ കഴിയുമായിരുന്ന പണികളൊക്കെയും ഇഴഞ്ഞിഴഞ്ഞു നീങ്ങിയതിൻ്റെ ഫലമാണ് ജനങ്ങൾ അനുഭവിക്കുന്ന ഈ ദുരവസ്ഥക്ക് കാരണം. ചെറുതും വലുതുമായ റോഡുകളിലെല്ലാം ഇപ്പോൾ കുഴിയാണ്.
അറ്റകുറ്റപ്പണിക്കായി പൊതുമരാമത്തു വകുപ്പ് തലസ്ഥാനത്തെ നിരവധി റോഡുകളാണ് പൊളിച്ചിട്ടിരിക്കുന്നത്.ഒന്നും തന്നെ സഞ്ചാരയോഗ്യമാക്കിയിട്ടുമില്ല.മഴ പെയ്യും തോറും കുഴികളുടെ വലിപ്പം കൂടി വരികയാണ്.പലയിടത്തും റോഡേതാണ് കുഴിയേതാണ് എന്നറിയാൻ പോലും കഴിയാത്ത അവസ്ഥയാണ്.
റോഡിലെ ഈ ദുരവസ്ഥക്ക് കാരണം അധികൃതരുടെ അനാസ്ഥ ആണെന്നുള്ള കാര്യത്തിൽ സംശയമില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിലാണ് പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയാത്തത് എന്നാണ് പൊതുമരാമത്തു വകുപ്പിൻ്റെ വിശദീകരണം.ജനറൽ ആശുപത്രി റോഡ് ,പ്ലാമൂട് -പി എം ജി വൺവേ റോഡ് ,ആനയറ -കടകംപള്ളി റോഡ് ,കഴക്കൂട്ടം അരശുംമൂട് -കുഴിവിള തുടങ്ങി തലസ്ഥാനത്തെ മിക്ക പ്രധാന റോഡുകളും കുഴിയിലും വെള്ളക്കെട്ടിലുമാണ് .
റോഡിൽ വീണുള്ള അപകടങ്ങൾ തുടർക്കഥയാകുന്ന ഈ മഴക്കാലത്ത് ഇതിനൊരു പ്രതിവിധി ഉണ്ടായേ മതിയാവു.മേഘവിസ്ഫോടനം പോലെയുള്ള കാലാവസ്ഥ പ്രതിഭാസങ്ങൾ മൂലം കാലവർഷം ശക്തിപ്രാപിക്കുന്നതോടെ റോഡുകളെല്ലാം തികച്ചും സഞ്ചാര യോഗ്യമല്ലാതായി തീരുമെന്ന് ഉറപ്പാണ്.സ്കൂൾ തുറക്കുന്ന ഈ സാഹചര്യത്തിൽ കുട്ടികളുടെ യാത്രയും സുഖമമാക്കേണ്ടത് അധികൃതരുടെ കടമയാണ്.