തിരുവനന്തപുരം: അതിശക്തമായ മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച ( ജൂൺ ഒന്ന്) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, എറണാകുളം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന മലയോര മേഖലയിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
തൃശ്ശൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കോതംകുളം സ്വദേശി നിമിഷ, വേലൂര്‍ സ്വദേശി ഗണേഷന് എന്നിവരാണ് മരിച്ചത്. ജില്ലയിൽ ശനിയാഴ്ച രാവിലെ ആരംഭിച്ച മഴ ഇപ്പോഴും ശമിച്ചിട്ടില്ല. വ്യാപക നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. നഗരത്തിലെ മൂന്ന് ആശുപത്രികളിലും നിരവധി വീടുകളിലും വെള്ളം കയറി. ഒല്ലൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം അല്പസമയത്തേക്ക് തടസപ്പെട്ടു.