ന്യൂഡൽഹി: രാജ്യത്ത് അത്യുഷ്ണം തുടരുന്നു. ഉഷ്ണ തരംഗത്തിൽ മരിച്ചവരുടെ എണ്ണം 150 കടന്നു. ബുധനാഴ്ച വരെ ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഹരിയാന, യുപി, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദേശം തുടരുന്നത്.
ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്തത് ഒഡീഷയിലാണ്. ചൂട് കാരണം 96 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഉത്തര്‍പ്രദേശില്‍ ഉഷ്ണതരംഗത്തെത്തുടര്‍ന്ന് 33 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചതായി ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. ഹോം ഗാര്‍ഡുകള്‍, ശുചീകരണ തൊഴിലാളികള്‍, മറ്റ് വോട്ടെടുപ്പ് ജീവനക്കാര്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
അതിതീവ്ര ഉഷ്ണതരംഗം, റിമാൽ ചുഴലിക്കാറ്റ്, മൺസൂൺ എന്നിവയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. താപനില കുത്തനെ ഉയർന്നതോടെ തീപിടിത്തം വർധിക്കാൻ സാധ്യതയുള്ളതിനാൽ കൃത്യമായ പരിശീലനം വേണമെന്ന് യോഗത്തിൽ പ്രധാനമന്ത്രി നിർദേശിച്ചു.
ആശുപത്രികളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഫയർ ഓഡിറ്റും ഇലക്ട്രിക്കൽ സുരക്ഷ ഓഡിറ്റും നടത്തണം. വനങ്ങളിലെ ഫയർ ലൈനുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മിസോറം, അസം, മണിപ്പൂർ, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മനുഷ്യജീവൻ നഷ്ടപ്പെട്ടതും വീടുകൾക്കും വസ്തുവകകൾക്കും നാശനഷ്ടമുണ്ടായതും ചർച്ചയായി.
പുനരുദ്ധാരണത്തിന് ആവശ്യമായ സഹായം നൽകാൻ സ്ഥിതിഗതികൾ നിരീക്ഷിക്കാനും വിഷയം പതിവായി അവലോകനം ചെയ്യാനും പ്രധാനമന്ത്രി ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി.
മൂന്ന് ദിവസം കൊണ്ട് നിലവിലെ അത്യുഷ്ണം കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഡൽഹിയിലും രാജസ്ഥാനിലും അന്തരീക്ഷ താപനില നേരിയ തോതിൽ കുറഞ്ഞെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ ശരാശരി ചൂട് 45 ഡിഗ്രിക്ക് മുകളിൽ തുടരുകയാണ്.