വിഷമുള്ളതും , ഇല്ലാത്തതുമായ ഒട്ടേറെ പാമ്പുകളുണ്ട് . അതിൽ സ്വർണ്ണനിറമുള്ള സർപ്പങ്ങളും , വെള്ളവരയൻ പാമ്പുകളുമൊക്കെയുണ്ട്. എന്നാൽ ജപ്പാനിലെ ഇവാക്കുനിക്കടുത്ത് ഇത്തരത്തിൽ നല്ല തൂവെള്ള നിറമുള്ള പാമ്പുകളുണ്ട് . ‘ഇമാസു വൈറ്റ് സ്നേക്ക്സ് മ്യൂസിയത്തിലാണ് തൂവെള്ള നിറമുള്ള പാമ്പുകളെ പാര്‍പ്പിച്ചിരിക്കുന്നത് . യമഗുച്ചിയുടെ കിഴക്കൻ ഭാഗത്തുള്ള ഒരു ചെറുപട്ടണമാണ് ഇവാക്കുനി. കിക്കാവ വംശത്തിന്‍റെ ഓര്‍മ്മകള്‍ പേറിക്കൊണ്ട് സെറ്റോ കടലിനു അഭിമുഖമായി നില്‍ക്കുന്ന പഴയ കോട്ട ഇവിടത്തെ മനോഹര കാഴ്ചകളില്‍ ഒന്നാണ്. വെളുത്ത ചെതുമ്പലും ചുവന്ന കണ്ണുകളും ഉള്ള ഈ പാമ്പുകളെ, സമ്പത്തിന്‍റെ ദേവതയായ ബെന്‍റന്‍റെ സന്ദേശവാഹകരായാണ് ജപ്പാന്‍കാര്‍ കണക്കാക്കുന്നത്.വെളുത്ത പാമ്പിന്റെ അനുഗ്രഹം സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം നിരവധി സഞ്ചാരികൾ ഇവാകുനി സന്ദർശിക്കുന്നു. യോകോയാമയിലെ റോപ്‌വേ സ്റ്റേഷന് തൊട്ടടുത്തായാണ് വൈറ്റ് സ്‌നേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്നത്.വാക്കുനിയിലെ ആൽബിനോ പാമ്പുകളുടെ ആവാസ കേന്ദ്രമാണിത്.
ഇവാകുനിയുടെ വെളുത്ത പാമ്പിനെ ആദ്യമായി കണ്ടത് 1738 ജൂണിൽ സെൻഗോകുഹാരയിലാണ് അതായത് ഇവാകുനി കോട്ടയുടെ കവാടത്തിനടുത്ത് . അക്കാലത്തെ ആളുകൾ ഇവയെ “ഭാഗ്യം കൊണ്ടുവരുന്ന, വീടിന്റെ സംരക്ഷണ ദേവന്മാരായി” കണക്കാക്കുകയും അവയെ നല്ലരീതിയിൽ പരിപാലിക്കുകയും ചെയ്തു. ഇതോടെ പാമ്പുകളുടെ എണ്ണം വർദ്ധിച്ചു. ഈ പാമ്പിന്റെ കണ്ണുകൾ മാണിക്യങ്ങൾ പോലെ ചുവന്ന് തിളങ്ങുന്നതും, ശരീരം മുഴുവൻ വെളുത്തതുമാണ്. ഈ ‘ശുദ്ധമായ രൂപം’ വളരെ നിഗൂഢമായി തോന്നുന്നതിനാൽ, ജപ്പാൻ കാർ അതിനെ ബെൻസൈറ്റൻ ദേവതയെന്നും വിളിക്കുന്നുണ്ട്. ഈ പാമ്പുകളെ വണങ്ങിയാൽ സമ്പത്തും , ഐശ്വര്യവും വർദ്ധിക്കുമെന്നും , ബിസിനസ്സുകാർക്ക് സാമ്പത്തിക നേട്ടമുണ്ടാകുമെന്നുമൊക്കെയാണ് വിശ്വാസം.
ഇവാകുനി കോട്ടയുടെ കവാടങ്ങളിൽ കണ്ട ആദ്യത്തെ വെളുത്ത പാമ്പ് ഇവാകുനിയെ സംരക്ഷിക്കുന്നതായും വിശ്വാസമുണ്ട്. ഈ സ്നേക്ക് മ്യൂസിയത്തിനടുത്താണ് ഇവാക്കുനി ആര്‍ട്ട് മ്യൂസിയം, ഉള്ളത്. സമുറായ് കരകൌശല വസ്തുക്കളുടെ വിപുലമായ ശേഖരവും പരമ്പരാഗത ജാപ്പനീസ് കലയുടെയും സംസ്കാരത്തിന്‍റെയും ചരിത്രം പേറുന്ന വിവിധ വസ്തുക്കളും ഇവിടെ കാണാം. ഇവിടെ സൂക്ഷിച്ചിരിക്കുന്ന സമുറായി കവചങ്ങളും വാളുകളും കാണുന്നത് സഞ്ചാരികളെ സംബന്ധിച്ച് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും. ശത്രുവിന്റെ പിടിയിലകപ്പെടുന്നതിനു മുന്പ് സ്വന്തം കറ്റാന ഉപയോഗിച്ച് സ്വന്തം ജീവനെടുക്കുന്ന ആചാരം സാമുറായ്കളുടെയിടയിലുണ്ടായിരുന്നു. ജപ്പാനിലെ ജനസംഖ്യയുടെ 10%-ത്തിൽ താഴെ മാത്രമാണ് സാമുറായി വിഭാഗം ഇന്നുള്ളത്. ജാപ്പനീസ് ആയോധന കലകളിൽ ഇന്നും ഒഴിച്ചുകൂടാനാകാത്ത പാഠങ്ങളാണ് സാമുറായികളുടേത്.