കുവൈത്ത് സിറ്റി : രാജ്യത്തെ പുതിയ നെഫ്രോളജി ആൻഡ് കിഡ്നി ട്രാൻസ്പ്ലാന്റ് സെന്റർ ആരോഗ്യമന്ത്രി ഡോ.അഹമദ് അൽ അവാദി ഉദ്ഘാടനം ചെയ്തു. സബാഹ് ഹെൽത്ത് റീജിയനിലെ ഹമീദ് അൽ എസ്സ ഓർഗൻ ട്രാൻസ്പ്ലാന്റ് സെന്ററിന്റെ വിപുലീകരണമായാണ് പദ്ധതി. നെഫ്രോളജി, കിഡ്നി ട്രാൻസ്പ്ലാന്റ് എന്നിവക്കായുള്ള നവീകരിച്ച പുതിയ കേന്ദ്രം കുവൈത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ ഗുണപരമായ കൂട്ടിച്ചേർക്കലാണെന്ന് ആരോഗ്യമന്ത്രി ഡോ.അഹമദ് അൽ അവാദി. വൃക്ക മാറ്റിവെക്കലിനുള്ള ഏറ്റവും പുതിയതും മികച്ചതുമായ മെഡിക്കൽ സജ്ജീകരണങ്ങൾ ഇവിടെയുണ്ട്.
നാല് വാർഡുകളിലായി 80 കിടക്കകൾ, 15 കിഡ്നി ഡയാലിസിസ് മെഷീനുകൾ, മറ്റ് ക്ലിനിക്കുകൾ, അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, ലബോറട്ടറി, റേഡിയോളജി വിഭാഗം, ഫാർമസി എന്നിവയും കേന്ദ്രത്തിൽ ഉൾപ്പെടുന്നു. കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് മുമ്പും ശേഷവും കേന്ദ്രം പരിചരണവും പരിശോധനയും നൽകുന്നുണ്ടെന്നും ജാബിർ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുന്നതെന്നും അൽ അവാദി പറഞ്ഞു. എല്ലാ വൃക്കരോഗികൾക്കും കേന്ദ്രം രക്തപരിശോധനയും വൈദ്യപരിശോധനയും നൽകിവരുന്നതായും വൃക്ക മാറ്റിവെക്കൽ വിജയ നിരക്ക് 90 ശതമാനത്തിലെത്തിയതായും കേന്ദ്രത്തിലെ നെഫ്രോളജി ആൻഡ് കിഡ്നി ട്രാൻസ്പ്ലാന്റ് വിഭാഗം മേധാവി ഡോ. തുർക്കി അൽ ഒതൈബി പറഞ്ഞു.